
ആലപ്പുഴ: നഗരത്തിലെ കനാൽ തീരത്ത് നടക്കുന്ന നിർമാണത്തിന്‍റെ ഭാഗമായുള്ള കുഴിയിൽ വീണ് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം. ആലപ്പുഴ മംഗലം വടക്കേതയ്യിൽ വീട്ടിൽ മഹേഷ് മാനുവൽ (66) ആണ് മരിച്ചത്. കണ്ണൻവർക്കി പാലത്തിനുസമീപം കൊമേഴ്സ്യൽ കനാലിന്‍റെ വടക്കേകരയിലാണ് സംഭവം. ടൂറിസംവകുപ്പിന്‍റെ നേതൃത്വത്തിൽ നഗരസൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി നിർമാണപ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി എടുത്ത ഒന്നരയടിയിലേറെ താഴ്ചയുള്ള കുഴിയിൽ വീണായിരുന്നു അപകടം.
കളർകോട് സുഹൃത്തിന്‍റെ മകന്‍റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങിനുശേഷം രാത്രി ഏഴിനുശേഷം വീട്ടിലേക്ക് മടങ്ങവെയാണ് സൈക്കിളുമായി കുഴിയിൽ പതിച്ചത്. ഇന്ന് രാവിലെ ഏഴിന് നാട്ടുകാരാണ് മൃതദേഹം കണ്ടത്. ആലപ്പുഴ ബീച്ചിലേക്കുള്ള റോഡിലൂടെ സൈക്കിളിൽ വീട്ടിലേക്ക് പോയ മഹേഷ് കനാൽ സംരക്ഷണഭിത്തിയോടും റോഡിനോടും ചേർന്ന് നിർമിക്കുന്ന ഒന്നരയടിതാഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. സമീപത്തെ കോൺക്രീറ്റിൽ തലയടിച്ച് ഗുരുതരപരിക്കേറ്റു. കഴുത്ത് ഒടിയുകയും മുഖം വികൃതമാവുകയും ചെയ്തിരുന്നു. നിർമ്മാണം നടക്കുന്ന സ്ഥലത്ത് രാത്രികാലത്തും പകലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സൗത്ത് പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് വണ്ടാനം മെഡിക്കൽകോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പിന്നാലെ സംസ്കാരം നടന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam