
മലപ്പുറം: മലപ്പുറം എടവണ്ണയിൽ കാട്ടാനയാക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. കിഴക്കേ ചാത്തല്ലൂര്‍ സ്വദേശി കല്യാണിയാണ് (68) മരിച്ചത്. പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ തുരത്താൻ വനംവകുപ്പ് പരിശ്രമം തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ ചാത്തല്ലൂരിലും പരിസരത്തും കാട്ടാനയിറങ്ങിയിരുന്നു. ജനവാസ മേഖലകളിൽ മാറി മാറി കാട്ടാന എത്തുന്നുണ്ട്. വനംവകുപ്പ് ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദേശവും നൽകിയിരുന്നു. തുടര്‍ന്ന് കാട്ടാനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികളും ആരംഭിച്ചിരുന്നു. കല്യാണിയുടെ വീടിന് സമീപത്തെ നീര്‍ചോലയിൽ കുട്ടികൾ കുളിക്കുന്നുണ്ടായിരുന്നു.
കാട്ടാന തുരത്തൽ നടക്കുന്നതിനാൽ അവരെ തിരികെ വിളിക്കാൻ പോയതായിരുന്നു കല്യാണി. ഇതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ആനയെ കാടു കയറ്റുന്നതിന്‍റെ ഭാഗമയി ആര്‍ ആര്‍ ടി വെടിവച്ചു. ആന പരിഭ്രാന്തനായി മറ്റൊരു വഴിയെ ഓടി. ഇതിനിടെ കല്യാണി കാട്ടാനയുടെ മുന്നിലകപ്പെട്ടു. ജനവാസ മേഖലയിൽ വച്ചാണ് ആന കല്യാണിയെ ആക്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. ശബ്ദം കേട്ടെത്തിയവര്‍ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കല്യാണിയെ രക്ഷിക്കാനായില്ല. ഈ വര്‍ഷം മാത്രം പതിനൊന്നുപേര്‍ കാട്ടാനയാക്രമണത്തിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടെന്നാണ് വനംവകുപ്പിന്‍റെ കണക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam