പ്രഖ്യാപിച്ച് അഞ്ച് വര്‍ഷമായിട്ടും നടി ശോഭന, എന്‍ പി ഉണ്ണി, ടി എം കൃഷണ എന്നിവര്‍ക്ക് കാലടി സംസ്കൃത സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കിയിട്ടില്ല. ഗവര്‍ണറുടെ അസൗകര്യം കാരണം മാറ്റിവെച്ച ചടങ്ങ് പിന്നീട് മറന്നുപോയെന്ന് മുൻ വിസി പറയുന്നു.

കൊച്ചി: പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടി ശോഭനയ്ക്ക് അടക്കം മൂന്ന് പേര്‍ക്ക് ഡി ലിറ്റ് ബിരുദം നല്‍കാതെ കാലടി സംസ്കൃത സര്‍വകലാശാല. ശോഭന, സംസ്കൃത പണ്ഡിതന്‍ എന്‍ പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന്‍ ടി എം കൃഷണ എന്നിവരെ ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ 2021ലാണ് തീരുമാനിച്ചത്. അന്ന് ഗവര്‍ണറുടെ സമയം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിവച്ചതെന്നും പിന്നീടത് മറന്നുപോയതാകാമെന്നും മുന്‍ വി സി ഡോക്ടര്‍ ധര്‍മരാജ് അടാട്ടിന് അറിയൂ.

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ സര്‍വകശാല അഞ്ച് പൈസയില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അലയുകയാണെന്നും നിലവില്‍ ഡി ലിറ്റിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് നിലവിലെ വി സി ഡോക്ടര്‍ കെ ഗീതാ കുമാരിയുടെ പ്രതികരണം. സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഡോ. എന്‍ പി ഉണ്ണിക്ക് ഡി. ലിറ്റ് നല്‍കാൻ തീരുമാനിച്ചത്. ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്​ ടി എം കൃഷ്ണയ്ക്കും ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നൽകിയ സംഭാവനകള്‍ പരിഗണിച്ച്​ ശോഭനയ്ക്കും ഡി ലിറ്റ് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ ഡോ. എന്‍.പി. ഉണ്ണി കേരളത്തി​ന്‍റെ സാംസ്‌കാരിക, ആത്മീയ, തത്വശാസ്ത്ര മണ്ഡലങ്ങളില്‍ കാതലായ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ്. കര്‍ണാടക സംഗീതത്തിലെ യുവതലമുറയിലെ പ്രഗല്​ഭരായ വായ്പാട്ടുകാരിലൊരാളാണ് ടി എം. കൃഷ്ണ. ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച വ്യക്തിയാണ്. ശോഭന മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.