
കൊച്ചി : പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ മാസം 14 നാണ് കോവളത്തെ ഗസ്റ്റ് ഹൗസിലേക്ക് തന്നെ കൊണ്ടുപോയതെന്നും പിഎയുടേയും സുഹൃത്തിന്റേയും മുന്നിൽ വച്ചാണ് എൽദോസ് തന്നെ മർദ്ദിച്ചതെന്നുമാണ് ഇവർ നൽകിയ മൊഴി. തന്നെ ആക്രമിച്ചതിന് പിഎയും സുഹൃത്തും ദൃക്സാക്ഷികളാണെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎയുടെ പിഎ ഡാനി പോളിനെയും, സുഹൃത്ത് ജിഷ്ണുവിനേയും ക്രൈംബ്രാഞ്ച് വിളിപ്പിക്കാൻ തീരുമാനിച്ചു. ഇരുവരുടേയും ഫോണുകൾ സ്വിച്ച്ഡ് ഓഫാണെന്നാണ് പൊലീസ് അറിയിക്കുന്നത്. മൊഴി പരിശോധിച്ച പൊലീസ്, ഗസ്റ്റ് ഹൌസിൽ എംഎൽഎ മുറിയെടുത്തിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചു. എംഎൽഎക്കെതിരായ തെളിവുകൾ ക്രൈം ബ്രാഞ്ച് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. എം.എൽ.എയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയതായാണ് വിവരം.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി, കെപിസിസി അന്വേഷിക്കും, 2 ദിവസത്തിനുള്ളിൽ റിപ്പോർട്ട്
എന്നാൽ പരാതി വന്നതോടെ കഴിഞ്ഞ രണ്ട് ദിവസമായി എംഎൽഎ ഒളിവിലാണ്. ശനിയാഴ്ച്ചയാണ് എംഎൽഎയുടെ ജാമ്യഹർജി പരിഗണിക്കുന്നത്. യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തി റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. യുവതിയുടെ പരാതിയിൽ യുവതിയെ തട്ടിക്കൊണ്ടു പോയി കൈയേറ്റം ചെയ്തതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. പലയിടങ്ങളിലായി കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴി. മൊഴിയിൽ ഉറച്ചു നിൽക്കുന്നുന്നുവെന്നാണ് യുവതിയുടെ നിലപാട്. ഇതേ മൊഴി തന്നെ ഇന്നലെ ജില്ലാ ക്രൈംബ്രാഞ്ചിനും നൽകിയെന്നാണ് വിവരം. അങ്ങനെയെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തി റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകും. ഇതിനിടയിൽ വിശദീകരണവുമായി എംഎൽഎ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് എൽദോസ് കുന്നപ്പിള്ളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിൻതുണച്ചവർക്കും പിൻതുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദി.
എംഎൽഎക്കെതിരായ പീഡന പരാതിയിൽ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാരോപണം, കോവളം എസ്എച്ച്ഒയെ സ്ഥലംമാറ്റി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam