പൊലീസിനെ നിയന്ത്രിക്കാൻ ആളില്ലേ? ഭരണപക്ഷത്തിരുന്നും സമരം ചെയ്യണോ? പൊട്ടിത്തെറിച്ച് എൽദോ എബ്രഹാം

By Web TeamFirst Published Jul 23, 2019, 2:02 PM IST
Highlights

പൊലീസിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയെന്ന് എൽദോ എബ്രഹാം എംഎല്‍എ. പ്രകോപനമില്ലാതെ പൊലീസ് അക്രമം അഴിച്ചുവിട്ടെന്നും എംഎല്‍എ.

കൊച്ചി: കൊച്ചിയിൽ സിപിഐ മാർച്ചിനെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് മൂവാറ്റുപുഴ എംഎൽഎ എൽദോ അബ്രഹാം. പൊലീസിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും സമീപ സംഭവങ്ങൾ ഇതിന് ഉദാഹരണമാണെന്നും എൽദോ അബ്രഹാം വിമര്‍ശിച്ചു. സിപിഐ മാര്‍ച്ചില്‍ പ്രകോപനമില്ലാതെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടെന്ന് എൽദോ എബ്രഹാം ആരോപിച്ചു. കൊടിയുടെ നിറം നോക്കിയല്ല സിപിഐ സമരത്തിനിറങ്ങുന്നതെന്നും ഭരണപക്ഷത്തിരിക്കുമ്പോളും സമരം ചെയേണ്ട അവസ്ഥയാണെന്നും എൽദോ എബ്രഹാം പ്രതികരിച്ചു. 

ഞാറയ്ക്കൽ സിഐയെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ ഐജി ഓഫീസ് മാർച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. എംഎൽഎയുടെ പുറത്താണ് ലാത്തിയടിയേറ്റത്. എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി. വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സിഐ നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറിയെന്നും ആരോപിച്ചാണ് സിപിഐ, ഐജി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. 

Also Read: കൊച്ചിയിൽ സിപിഐ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും: എംഎൽഎയ്ക്ക് പരിക്ക്

click me!