കൊച്ചി: വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കൽ സർക്കിൾ ഇൻസ്പെക്ടറെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ മാര്‍ച്ചില്‍ സംഘർഷം. ഐജി ഓഫീസിലേക്ക് സിപിഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. എംഎൽഎയുടെ പുറത്താണ് ലാത്തിയടിയേറ്റത്. എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി.

വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സിഐ നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറിയെന്നും ആരോപിച്ചാണ് സിപിഐ, ഐജി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും ഇരുന്നൂറോളം പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. 

വൈപ്പിൻ ഗവൺമെന്റ് കോളേജിൽ കഴിഞ്ഞയാഴ്ചയുണ്ടായ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷത്തിൽ രണ്ട് എഐഎസ്എഫ് യൂണിറ്റ് ഭാരവാഹികൾക്ക് മർദ്ദനമേറ്റിരുന്നു. എഐഎസ്എഫ് യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. ഇതില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിൽ തടയുകയും ചെയ്തിരുന്നു.. ഇതോടെയാണ് സിപിഎം - സിപിഐ ബന്ധത്തില്‍ ഉലച്ചിലുണ്ടായത്. 

എറണാകുളത്ത് ഏറെകാലമായി സിപിഐ - സിപിഎം വാക്പോരുകളും സംഘർഷവും നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ തുടർച്ചയായിരുന്നു ഞാറയ്ക്കലിലെ സംഭവവും. പൊലീസിന്‍റെ വീഴ്ചയിൽ പ്രതിഷേധിച്ച എംഎൽഎയെ കൂടി ലാത്തിയടിയേൽക്കേണ്ടിവന്നത് ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. വിഷയം സംസ്ഥാന തടത്തിൽ ഉയർത്താനും നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്.