
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിൽ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ വിജയിച്ച വൈഷ്ണ സുരേഷ് ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കോർപറേഷനിൽ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ മിന്നും ജയമായിരുന്നു വൈഷ്ണ സ്വന്തമാക്കിയത്. 1607 വോട്ടാണ് വൈഷ്ണ നേടിയത്. എൽഡിഎഫ് സിറ്റിങ് സീറ്റിൽ 397 വോട്ടിന്റെ ഭൂരിപക്ഷത്തോടയാണ് വിജയം. ഇടത് സ്ഥാനാർത്ഥിയായ അംശു വാമദേവന് 1210 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാർ 460 വോട്ടിൽ ഒതുങ്ങിയിരുന്നു.
വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയതുമായി ബന്ധുപ്പെട്ട വിവാദങ്ങളോടെയാണ് വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം വാർത്തകളിൽ നിറഞ്ഞത്. കള്ളവോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയതോടെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് ഒഴിവാക്കുകയായിരുന്നു. ഇതോടെ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായി. പ്രചാരണം ആരംഭിച്ച ശേഷമായിരുന്നു വൈഷ്ണയ്ക്ക് തിരിച്ചടിയായി വോട്ടർ പട്ടിക വിവാദമെത്തിയത്.
വൈഷ്ണയുടെ മേൽവിലാസത്തിൽ കൃത്യതയില്ലെന്നായിരുന്നു സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി. തുടർന്ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപ്പട്ടികയിൽ വൈഷ്ണയുടെ പേരുണ്ടായിരുന്നില്ല. തുടർന്ന് ദിവസങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ ഹൈക്കോടതി ഇടപെടലോടെ വൈഷ്ണയ്ക്ക് വോട്ടവകാശം തിരികെ ലഭിക്കുകയായിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കളത്തിൽ വൈഷ്ണ വീണ്ടും സജീവമായി. വിവാദത്തിന് പിന്നാലെ തന്നെ സംസ്ഥാനത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ വാർഡായിരുന്നു ഇത്. മുട്ടട വാര്‍ഡിൽ 25 വർഷങ്ങൾക്ക് ശേഷമാണ് യുഡിഎഫ് വിജയിക്കുന്നത്. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റാണ് വൈഷ്ണ. തിരുവനന്തപുരം കോർപറേഷനിലെ കോൺഗ്രസിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കൂടിയായിരുന്നു വൈഷ്ണ സുരേഷ്.
സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിരുവനന്തപുരത്തടക്കം ആറു കോര്‍പ്പറേഷനുകളിൽ കൗണ്‍സിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. രാവിലെ പത്തിനാണ് കോര്‍പ്പറേഷനുകള്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. രാവിലെ 11.30നുശേഷമാണ് കോര്‍പ്പറേഷനുകളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ മുതിർന്ന അംഗം കോൺഗ്രസിന്‍റെ ക്ലീറ്റസ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി കൗണ്‍സിലര്‍ വിവി രാജേഷ്, ആര്‍ ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെഎസ് ശബരീനാഥനും സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ജനവിധി അട്ടിമറിക്കാനില്ലെന്നാണ് സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കിയിട്ടുള്ളത്. ക്രിയാത്മക പ്രതിപക്ഷമായി കൗൺസിലിലുണ്ടാകുമെന്നും സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam