
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഓണത്തിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് കൊണ്ടുവരുന്നതുൾപ്പടെ യോഗത്തിൽ ചർച്ച ചെയ്യും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മാനദണ്ഡത്തിന്റെ ചുവട് പിടിച്ചായിരിക്കും കൊവിഡ് രോഗികൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള മനദണ്ഡം നിശ്ചയിക്കുക. കൊവിഡ് രോഗികൾക്ക് തപാൽ വോട്ടോ പ്രോക്സി വോട്ടോ ഏർപ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് മുൻസിപ്പൽ നിയമത്തിൽ ഭേദഗതി വേണമെന്ന കമ്മീഷന്റെ ആവശ്യം ഇപ്പോൾ സർക്കാരിന് മുന്നിലാണ്. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം ആരായാതെ തപാൽ വോട്ടിനോ പ്രോക്സിവോട്ടിനോ ശുപാർശ ചെയ്ത സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് തപാൽ വോട്ട് ഏർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡം വന്നത്. തദ്ദേശതെരഞ്ഞെടുപ്പിന്റെ പൂർണ്ണനിയന്ത്രണം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കേന്ദ്ര കമ്മീഷൻ നിർദ്ദേശം മാതൃകയായെടുക്കാമെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചില മാറ്റങ്ങൾ വേണ്ടി വരുമെന്നാണ് സംസ്ഥാനകമ്മീഷന്റെ വിലയിരുത്തൽ. അതിനാൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം കേട്ട ശേഷം വിശദമായ മാനദണ്ഡം രൂപീകരിക്കാനാണ് കമ്മീഷൻ തീരുമാനം. ആരോഗ്യപ്രവർത്തകരുമായി ഒരു വട്ടം കൂടി സംസാരിച്ച ശേഷമായിരിക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം. പ്രചാരണത്തിലുൾപ്പടെ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങളും ചർച്ച ചെയ്യും. കമ്മീഷൻ വിളിച്ച രാഷ്ട്രീയപാർട്ടിപ്രതിനിധികളുടെ യോഗത്തിലെ നിർദ്ദേശത്തിന് അനുസരിച്ചായിരിക്കും നിയമത്തിൽ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ സർക്കാർ ആലോചിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam