'മിത്ത് വേഴ്സസ് റിയാലിറ്റി' വ്യാജ പ്രചരണങ്ങള്‍ തടയാന്‍ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

By Web TeamFirst Published Apr 17, 2024, 4:53 PM IST
Highlights

വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസിലാക്കാനാവുമെന്ന് സഞ്ജയ് കൗള്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മിത്ത് വേഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും. mythvsreality.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസിലാക്കാനാവുമെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു. 

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍ പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യാജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വ്യാജ വാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയും സൈറ്റില്‍ കാണാം. വസ്തുതകള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി, മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, ഡച്ച് രാജകുമാരി അമാലിയ ഒരു വർഷത്തോളം താമസിച്ചത് സ്പെയിനിലെന്ന് റിപ്പോർട്ട് 

 

click me!