
ഇടുക്കി : അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി പത്ത് മണിക്കാണ് കാട്ടാന രണ്ടുപേരെ ആക്രമിച്ചത്. സിങ്കുകണ്ടം സ്വദേശികളായ വത്സനും വിൻസന്റിനും നേരെയാണ് അക്രമം ഉണ്ടായത്. ഒരാളുടെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഒന്നര ഏക്കറോളം കൃഷിയും ആന നശിപ്പിച്ചു.
അതിനിടെ പാലക്കാട്ട് അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. വെള്ളമാരി ഊരിന് സമീപത്താണ് ആനക്കൂട്ടമിറങ്ങിത്. എട്ട് ആനകളായിരുന്നു ഉണ്ടായിരുന്നത് സ്വകാര്യ റിസോർട്ടിനുള്ളിലൂടെ ആനകൾ നടക്കുന്ന ദൃശ്യവും പുറത്ത് വന്നു. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. അട്ടപ്പാടി ചിണ്ടക്കിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് കാട്ടാന ആക്രമിച്ചു. ജീപ്പ് കീഴ്മേൽ മറിച്ചിട്ടു. ഡ്രൈവറായ ചന്ദ്രൻ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അതിനിടെ ഇടുക്കിയിൽ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം കരുത്താർജിക്കുന്നു. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടാൻ തീരുമാനമാകും വരെയാണ് സമരം. അതേസമയം, പൂപ്പാറ കേന്ദ്രീകരിച്ചും സമരം ശക്തമാവുകയാണ്. ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ധർണ നടത്തും. അടുത്ത ദിസങ്ങളിൽ അരിക്കൊമ്പന്റെ ആക്രമണങ്ങൾക്ക് ഇരകളായവരെ ഉൾപ്പെടുത്തിയും സമരം തുടരാനാണ് തീരുമാനം. കോടതി നിയോഗിച്ച വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിച്ച് വിലയിരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
നാടാകെ എതിരിടുന്ന കാട്ടുകൊമ്പന്‍, റേഷന്‍ കടകളിലെ പതിവുകാരന്‍, ആരാണീ അരിക്കൊമ്പന്‍?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam