കാട്ടാനക്കെതിരെ ഹര്‍ത്താല്‍, കോടതി വിധിയും എതിര്‍വാദവും; അരിക്കൊമ്പന്റെ അറിയാത്ത കഥകള്‍!  

2017-ലാണ് ഈ കാട്ടാനക്കെതിരെ നിരന്തര പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, അതേ വര്‍ഷം അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു. അതിനുള്ള ശ്രമവും നടന്നു. എന്നാല്‍, മയങ്ങിവീഴാന്‍ അരിക്കൊമ്പനെ കിട്ടിയില്ല. അതു കാട്ടിലേക്ക് രക്ഷപ്പെട്ടു. അതോടെ, വനംവകുപ്പ് ആ പണി മതിയാക്കി മടങ്ങി. എന്നാല്‍, കാട്ടാനയാവട്ടെ പണി തുടര്‍ന്നു.

ഇടുക്കി ജില്ലയിലെ പത്ത് പഞ്ചായത്തുകളില്‍ ഇന്ന് അസാധാരണമായ ഒരു ഹര്‍ത്താല്‍ നടക്കുകയാണ്. മൂന്നാര്‍ മേഖലയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിതക്കുന്ന, അരിക്കൊമ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു കാട്ടാനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ടാണ് കടകളടച്ചും ഗതാഗതം തടസ്സപ്പെടുത്തിയും ഹര്‍ത്താല്‍ നടക്കുന്നത്. കാട്ടാനയെ പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് എതിരായ ഹൈക്കോടതി വിധിയാണ്, വിചിത്രമായ ഈ ഹര്‍ത്താലിന് കാരണമായത്. 

എന്നാല്‍, ഹര്‍ത്താല്‍ നിയമവിരുദ്ധമെന്നാണ് പൊലീസ് പറയുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏഴു ദിവസം മുന്‍പ് ഹര്‍ത്താലിന് നോട്ടിസ് നല്‍കണം. ഇത് പാലിക്കാതെയാണ് ഇവിടെ ഹര്‍ത്താല്‍ നടത്തുന്നത്. ഇത് നിയമ വിരുദ്ധമെന്ന് കാണിച്ച് പൊലീസ് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

YouTube video player

അരി കണ്ടാല്‍ മൊട! 

വെറുമൊരാനയല്ല, നാടിനെ വിറപ്പിക്കുന്ന കാട്ടുകൊമ്പനാണ് അരിക്കൊമ്പനെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനകളുടെ സ്ഥിരം ഭക്ഷണം ഉപേക്ഷിച്ച്, അരി ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നതിനാലാണ്, ഈ കാട്ടാനക്ക് അരിക്കൊമ്പന്‍ എന്ന പേരുവീണത്. അരി കിട്ടുന്ന ഇടങ്ങളാണ് അരിക്കൊമ്പന്റെ പ്രിയപ്പെട്ട ഇടങ്ങള്‍. അതിനാലാണ്, മേഖലയിലെ റേഷന്‍ കടകളില്‍ ഇടയ്ക്കിടെ ആന എത്തുന്നത്. ആന്റണി പി എല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പന്നിയാറിലെ ഒരൊറ്റ റേഷന്‍ കടയില്‍ മാത്രം ഈ ആന എത്തിയത് പത്തിലേറെ തവണയാണ്. ചുമ്മാ വന്നു പോവുകയല്ല, അടിമുടി ഇളക്കിമറിച്ച്, കണ്ണില്‍ കണ്ടതെല്ലാം അടിച്ചോണ്ടുപോവുകയാണ് ഈ കൊമ്പനെന്നാണ് കടയുടമ പറയുന്നത്. 

ആന്റണിയുടെ റേഷന്‍ കട മാത്രമല്ല, നാട്ടിലെ പല റേഷന്‍ കടകളും ആനയുടെ ലക്ഷ്യസ്ഥാനങ്ങളാണ്. ആനയിറങ്കല്‍, പന്നിയാര്‍ എന്നിവിടങ്ങളിലെ റേഷന്‍ കടകള്‍ പല തവണയാണ് അരിക്കൊമ്പന്‍ തകര്‍ത്തത്. അരി തേടിയെത്തുന്ന ആന ഒപ്പം വീടും കെട്ടിടങ്ങളും കൂടി തകര്‍ക്കുന്നതായി വനംവകുപ്പ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു. 2005 മുതല്‍ വീടും റേഷന്‍കടയും ഏലം സ്റ്റോറുമൊക്കെയായി 180 -ഓളം കെട്ടിടങ്ങളാണ് അരിക്കൊമ്പന്‍ തകര്‍ത്തതെന്നാണ് രേഖയിലുള്ളത്. ഇതില്‍ 23 എണ്ണം ഈ വര്‍ഷം തകര്‍ത്തതാണെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. ആക്രമണത്തില്‍ വീടുകളും മറ്റും തകര്‍ന്നു വീണ് 30 ഓളം പേര്‍ക്ക് പരിക്കേറ്റതായും വനംവകുപ്പ് തയ്യാറാക്കിയ കണക്കില്‍ പറയുന്നു. 

തീര്‍ന്നില്ല, ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിക്കപ്പെട്ടതായി കോടതിയിലെത്തിയ രേഖ വ്യക്തമാക്കുന്നു. അക്ഷയ സെന്റര്‍ വഴി നഷ്ടപരിഹാരത്തിന് അപേക്ഷിച്ചവരുടെ മാ്രതം കണക്കാണ് ഇതെന്നും യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുമെന്നും വനംവകുപ്പ് പറയുന്നു. പല സ്ഥലത്തായി വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാത്തതിനാല്‍ അവ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വീട്ടു നമ്പരില്ലാത്ത കെട്ടിടങ്ങള്‍, ഷെഡുകള്‍, പട്ടയമില്ലാത്ത സ്ഥലത്ത് തകര്‍ക്കപ്പെട്ട വീടുകള്‍ എന്നിവയുടെ എണ്ണവും കാണിച്ചിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. 

YouTube video player

മയക്കുവെടിക്ക് പുല്ലുവില

2017-ലാണ് ഈ കാട്ടാനക്കെതിരെ നിരന്തര പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, അതേ വര്‍ഷം അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു. അതിനുള്ള ശ്രമവും നടന്നു. എന്നാല്‍, മയങ്ങിവീഴാന്‍ അരിക്കൊമ്പനെ കിട്ടിയില്ല. അതു കാട്ടിലേക്ക് രക്ഷപ്പെട്ടു. അതോടെ, വനംവകുപ്പ് ആ പണി മതിയാക്കി മടങ്ങി. എന്നാല്‍, കാട്ടാനയാവട്ടെ പണി തുടര്‍ന്നു. പരാതികള്‍ കൂടിവന്നു. 2018-ല്‍ അരിക്കൊമ്പനെ പിടിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. പക്ഷേ, പ്രതികൂല കാലാവസ്ഥ അതിനു തടസ്സമായി. കഥ അവിടെ തീര്‍ന്നില്ല. ആന വീണ്ടും അരിയും തേടി നടത്തം തുടര്‍ന്നു. കാട്ടില്‍ ഭക്ഷണം കിട്ടാത്ത, സാഹചര്യം വര്‍ദ്ധിച്ചതോടെ്, അരിക്കൊമ്പന്റെ നാട്ടിലേക്കുള്ള വരവ് കൂടി. അതിന്റെ തുടര്‍ച്ചയായാണ്, ഈ വര്‍ഷം അരിക്കൊമ്പനെ തളയ്ക്കാനുള്ള മുറവിളികള്‍ ഉയര്‍ന്നതും വിഷയം കോടതിയില്‍ എത്തിയതും. 

YouTube video player

കോടതി പറഞ്ഞത് 

അരിക്കൊമ്പനെ തല്‍ക്കാലം മയക്കുവെടി വെച്ച് കൂട്ടിലടയ്‌ക്കേണ്ടെന്നാണ് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഗോപിനാഥ് പി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കിയത്. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടയ്ക്കുന്നതൊഴികെ സര്‍ക്കാരിന് എന്ത് നിര്‍ദേശവും വയ്ക്കാമെന്ന് കോടതി പറഞ്ഞു. എത്രയാനകളെ ഇങ്ങനെ കെണിയിലാക്കുമെന്ന് ചോദിച്ച കോടതി, ഒരു കൊമ്പന്‍ പോയാല്‍ മറ്റൊന്ന് വരുമെന്നും പറഞ്ഞു. കാട്ടിലുളള മുഴുവന്‍ മൃഗങ്ങളേയും പിടികൂടി കൂട്ടിലടയ്ക്കാനാണോ ഉദ്യോഗസ്ഥര്‍ ഒരുങ്ങുന്നതെന്നും കോടതി ചോദിച്ചു. 

ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി കോടതി വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു. ആന പ്രശ്‌നമുണ്ടാക്കിയാല്‍ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാം. ആനകളുടെ ആവാസ വ്യവസ്ഥയില്‍ മനുഷ്യരെ കൊണ്ടുപോയി താമസിപ്പിച്ചവരാണ് ഈ സാഹചര്യത്തിന് മറുപടി പറയേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. കോടതി അനുകൂല നിലപാടെടുത്താല്‍ പുലര്‍ച്ചെ അരിക്കൊമ്പനെ പൂട്ടാനുളള വനം വകുപ്പിന്റെ നീക്കത്തിനാണ് ഈ വിധി തിരിച്ചടി നല്‍കിയത്. കോടതിയുടെ ഈ വിധിക്കെതിരെയാണ് ഇന്ന് ഹര്‍ത്താല്‍ നടന്നത്. 

YouTube video player

ആരാണീ അരിക്കൊമ്പന്‍? 

ചിന്നക്കനാല്‍ ആനയിറങ്കല്‍ ശാന്തന്‍പാറ മേഖലകളില്‍ വിലസുന്ന ഈ കാട്ടാനയ്ക്ക് 30 വയസ്സുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അരിക്കൊതിയനായ കൊമ്പനായതുകൊണ്ടാണ്് നാട്ടുകാര്‍ അരിക്കൊമ്പന്‍ എന്ന് പേര് വിളിച്ചത്. നാട്ടില്‍ ഇടയ്ക്കിടയ്ക്ക് വന്ന് പോകുന്നതാണ് ഈ കാട്ടാനയുടെ രീതി. സന്ദര്‍ശന സമയത്ത് അരി പ്രേമം മൂത്ത് റേഷന്‍ കടകളിലും വീടുകളിലും കയറി അരി കട്ടു തിന്നും. അരി തേടിയുള്ള യാത്രക്കിടയില്‍ വീടുകളും കെട്ടിടങ്ങളുമൊക്കെ തകര്‍ക്കപ്പെടും. 

മൂന്നാറിനടുത്തുള്ള ചിന്നക്കനാല്‍- ശാന്തന്‍പാറ പഞ്ചായത്തുകളിലായി മുപ്പത് വര്‍ഷത്തിനുള്ളില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ 48 ആളുകള്‍ കൊല്ലപ്പെടുകയും നൂറോളം വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തതായാണ് ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് സിനി ബേബി പറയുന്നത്. ശാന്തമ്പാറയില്‍ അരിക്കൊമ്പന്‍ 60 വീടുകള്‍ തകര്‍ക്കുകയും ദേവികുളം റേഞ്ചില്‍ 10 പേരെ കൊല്ലുകയും ചെയ്‌തെന്നാണ്, ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് പറയുന്നത്. 

എന്നാല്‍, ഹൈക്കോടതിയില്‍ കേരള വനം വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് 2005 മുതല്‍ ഇതുവരെ ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളിലായി 34 ആളുകളാണ് ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നാണ്. എന്നാല്‍, അരിക്കൊമ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടാന ആരെയെങ്കിലും കൊന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പീപ്പിള്‍ ഫോര്‍ ആനിമല്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ എന്ന മൃഗസ്‌നേഹികളുടെ സംഘടനയാണ്, വനംവകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. വാസ സ്ഥലവും ഭക്ഷണവും അനുകൂല സാഹചര്യവും ഇല്ലാത്തതിനാല്‍, കാടിറങ്ങുന്ന അനേകം കാട്ടാനകളില്‍ ഒന്നാണ് അരിക്കൊമ്പനെന്നാണ് സംഘടന പറയുന്നത്. വന്യജീവി സംരക്ഷണ-പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ നിലനിന്നിട്ടും അരിക്കൊമ്പനെപ്പോലെയുള്ള ആനകള്‍ക്ക് അതിന്റെ സ്വഭാവികതയില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതായും സംഘടന വ്യക്തമാക്കുന്നു. കാട് നാടാക്കിയ മനുഷ്യരോടുള്ള പകയോ പ്രതികാരമോ ഒന്നുമായിരിക്കില്ല, ഭക്ഷണത്തിനു വേണ്ടിയുള്ള അന്വേഷണം മാത്രമാവും അരിക്കൊമ്പന്‍ എന്നു പേരിട്ട ഈ ആനയുടേത് എന്നും മൃഗസ്‌നേഹികള്‍ പറയുന്നു.