യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; താമസിച്ചിരുന്ന ഹോം സ്റ്റേക്ക് ലൈസൻസ് ഇല്ലെന്ന് പഞ്ചായത്ത്

By Web TeamFirst Published Jan 24, 2021, 8:46 AM IST
Highlights

വനത്തിന്റെ അതിർത്തിയോട് വളരെ അടുത്ത് കിടക്കുന്നതാണ് ഈ ഹോം സ്റ്റേ. ഏതാണ്ട് പത്ത് മീറ്റർ മാത്രമേ ഇവിടേക്ക് അകലമുള്ളൂ. ഇന്നലെ ഇവിടെ 30 പേരുണ്ടായിരുന്നു

വയനാട്: മേപ്പാടിയിൽ കാട്ടാന ചവിട്ടിക്കൊന്ന യുവതി താമസിച്ചത് വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത്. ഇവർ താമസിച്ചിരുന്നത് ഹോം സ്റ്റേക്ക് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ഹോം സ്റ്റേയുടെ അടുത്ത് വനത്തോട് ചേർന്ന ഭാഗത്ത് ടെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഹോം സ്റ്റേക്ക് മാത്രമായിരുന്നു ലൈസൻസ് ഉണ്ടായിരുന്നതെന്നും ടെന്റുകൾക്ക് ഉണ്ടായിരുന്നില്ലെന്നുമാണ് ആദ്യം വാർത്തകൾ വന്നതെങ്കിലും പിന്നീട് ഇക്കാര്യത്തിൽ പഞ്ചായത്ത് തന്നെ വ്യക്തത വരുത്തുകയായിരുന്നു. ഹോം സ്റ്റേ ലൈസൻസ് ഉണ്ടെന്നും ടെന്റുകൾക്ക് സർക്കാർ ലൈസൻസ് അനുവദിക്കാറില്ലെന്നുമാണ് ഇതിന് ഹോം സ്റ്റേ ഉടമ നൽകിയ മറുപടി.

അപകടം നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നില്ല. വിനോദസഞ്ചാരികൾക്ക് താമസിക്കാൻ തയ്യാറാക്കിയ ടെന്റിന് സമീപത്തെ കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ല. യുവതി ശുചിമുറിയിൽ പോയി മടങ്ങുന്ന വഴി കാട്ടാന ആക്രമിച്ചതാണെന്ന് ഹോം സ്റ്റേ ഉടമ പറഞ്ഞു. കാട്ടാനയെ കണ്ട് ഓടുന്നതിനിടെ യുവതി ഭയന്ന് വീണുവെന്നും ഈ സമയത്ത് ആന ചവിട്ടിക്കൊന്നുവെന്നുമാണ് ഉടമയുടെ മൊഴി.

യുവതി മരിച്ചത് ഹോം സ്റ്റേ ഉടമ പറയുന്ന സ്ഥലത്താണോയെന്ന് സംശയമുണ്ടെന്ന് വനംവകുപ്പ്. സ്ഥാപനത്തിന്റെ പ്രവർത്താനാനുമതി റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓമന പറഞ്ഞു. വന്യമൃഗശല്യമുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്നും ഉടമ അത് നിരസിച്ചതാണ് ഇപ്പോഴുള്ള അപകടത്തിന് കാരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വനത്തിന്റെ അതിർത്തിയോട് വളരെ അടുത്ത് കിടക്കുന്നതാണ് ഈ ഹോം സ്റ്റേ. ഏതാണ്ട് പത്ത് മീറ്റർ മാത്രമേ ഇവിടേക്ക് അകലമുള്ളൂ. ഇന്നലെ ഇവിടെ 30 പേരുണ്ടായിരുന്നു. മേപ്പാടിയിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരെയാണ് ഹോം സ്റ്റേ. വന്യമൃഗങ്ങളുടെ ശല്യമില്ലെന്നാണ് ഹോം സ്റ്റേ അധികൃതരുടെ വാദം. എന്നാൽ പഞ്ചായത്ത് പ്രസിഡന്റും വനം വകുപ്പും ഈ വാദം നിഷേധിക്കുന്നു.

അംഗീകാരമില്ലാതെ റിസോർട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. മേപ്പാടി സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാരോട് ആവശ്യപ്പെട്ടു. അനുമതിയില്ലാതെ ടെന്റുകൾ ഇനി പ്രവർത്തിക്കാൻ പാടില്ല. ഇത്തരത്തിൽ വിനോദ സഞ്ചാരികളെ പാർപ്പിച്ചാൽ ഉടമയ്ക്കെതിരെ നടപടി എടുക്കുമെന്നും കളക്ടർ പറഞ്ഞു.

click me!