
പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരുന്നു ചികിത്സ. എന്നാൽ, അസുഖം മൂർച്ഛിച്ച് ചൊവ്വാഴ്ച ചരിഞ്ഞു. 13 ദിവസം അമ്മയ്ക്കായി കാത്തിരിപ്പിലായിരുന്നു കുട്ടിക്കൊമ്പൻ. കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതിനെ തുടർന്ന് 16നാണ് വനപാലകർ കാട്ടാനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. ഒരുവയസ് പ്രായമുള്ള ആനക്കുട്ടിയെ കൃഷ്ണയെന്ന് പേരിടുകയും ചെയ്തു.
നന്നേ ക്ഷീണിതനായ ആനക്കുട്ടിയെ അമ്മ വന്ന് കൊണ്ടുപോകുമെന്നായിരുന്നു നിഗമനം. എന്നാൽ, നാല് ദിവസം കാത്തിരുന്നിട്ടും അമ്മയാന വന്നില്ല. തുടർന്നാണ് ചികിത്സക്കായി ബൊമ്മിയാംപടിയിലേക്ക് മാറ്റിയത്. ചികിത്സയുടെ ആദ്യഘട്ടത്തിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ആനക്കുട്ടി ഭക്ഷണം കഴിക്കുകയും ഉഷാറാകുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി ക്ഷീണിതനായി. വെറ്ററിനറി ഡോക്ടർ പ്രത്യേക പരിചരണം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെത്തിയത് രണ്ട് ദിവസത്തിന് മുന്‍പാണ്. വ്യാഴാഴ്ച തള്ളയാനയ്ക്കൊപ്പം ജനവാസ മേഖലയിലെത്തിയ കൃഷ്ണ കൂട്ടം വിട്ട് പോവുകയായിരുന്നു. തൊഴിലുറപ്പ് ജോലികള്‍ക്ക് പോയ നാട്ടുകാരാണ് കുട്ടിയാന തനിയെ നില്‍ക്കുന്നത് കണ്ട് വനംവകുപ്പിനെ വിവരം അറിയിച്ചത്.
Read More... കാട്ടാന ഷോക്കേറ്റ് കിടന്നത് മണിക്കൂറുകൾ, നാട്ടുകാരെത്തി ഫ്യൂസ് ഊരിയതിനാൽ രക്ഷപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam