
കോട്ടയം: കേരളത്തിലെ ഉത്സവങ്ങളിൽ തലയെടുപ്പോടെ മുന്നിൽനിന്ന ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് വിട. കഴിഞ്ഞദിവസമാണ് ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞത്. ആനപ്രേമികളെ കണ്ണീരിലാഴ്ത്തിയ അപ്രതീക്ഷിത വിയോഗമായിരുന്നു അത്. തിങ്കളാഴ്ച വനംവകുപ്പിന്റെ മേൽനോട്ടത്തിൽ ബ്രഹ്മദത്തന്റെ പോസ്റ്റ്മോർട്ടവും സംസ്കാരവും നടന്നു. പ്രിയപ്പെട്ട ബ്രഹ്മദത്തനെ അവസാനമായി കാണാൻ വിവിധയിടങ്ങളിൽനിന്നുള്ള ആനപ്രേമികളും നാട്ടുകാരും അടക്കം നിരവധിപേരാണ് എത്തിയത്.
പല്ലാട്ടെ കുട്ടി എന്നാണ് ആനപ്രേമികൾ ബ്രഹ്മദത്തനെ വിളിച്ചിരുന്നത്. ഇത്രയും സ്നേഹമുളള ആന വേറയില്ലെന്നാണ് ആനപ്രേമികളെല്ലാം പറയുന്നത്. 16 വർഷം മുൻപാണ് ബ്രഹ്മദത്തൻ മേലംപാറയ പല്ലാട്ട് തറവാട്ടിൽ എത്തിയത്. കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് രാജേഷ് പല്ലാട്ടാണ് ഉടമ. തൃശ്ശൂർ പൂരത്തിന് പാറമേക്കാവിന്റെ തിടമ്പേറ്റുന്നത് ബ്രഹ്മദത്തനായിരുന്നു. ഏറ്റുമാനൂർ, വൈക്കം, തിരുനക്കര ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളിലും സ്ഥിരസാന്നിധ്യമായിരുന്നു.
ബ്രഹ്മദത്തന്റെ വിയോഗം താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്നായിരുന്നു ഉടമയായ രാജേഷിന്റെ പ്രതികരണം. ബ്രഹ്മദത്തൻ ഇതുവരെ ഒരിടത്തുപോലും വേദനിപ്പിച്ച അനുഭവമില്ലെന്നും സന്തോഷം മാത്രമാണ് നൽകിയിട്ടുള്ളതെന്നും രാജേഷ് കണ്ണീരോടെ പറഞ്ഞു.
ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞത് മുതൽ സമീപത്തിരുന്ന് പൊട്ടിക്കരയുന്ന പാപ്പാൻ ശരത്തും ആനപ്രേമികളിൽ നൊമ്പരമുണ്ടാക്കി. ബ്രഹ്മദത്തന്റെ വിയോഗത്തിൽ കരഞ്ഞുതളർന്നിരിക്കുന്ന പാപ്പാനെ ആശ്വസിപ്പിക്കാനും ഏവരും പാടുപെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam