
പാലക്കാട്: പാലക്കാട് പാടൂർ വേലക്കിടെ ആനയിടഞ്ഞ് ഏറെ നേരം പരിഭ്രാന്തി പരത്തി. കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമാണ് ആന മുന്നോട്ട് ഓടി പരിഭ്രാന്തി പരത്തിയത്. ഉടൻ തന്നെ എലിഫൻ്റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി. പിറകിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതിൽ പ്രകോപിതനായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ഓടിയത്. ഓടുന്നതിനിടെ ഒന്നാം പാപ്പാൻ നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആനക്കിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാടൂർ തെക്കേകളം രാധിക, അനന്യ എന്നിവർക്കും പരിക്കേറ്റു. ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്സവസീസണിൽ പലയിടത്തും ആനയിടഞ്ഞ് പരിഭ്രാന്തി പരത്തുന്ന സംഭവങ്ങൾ തുടരുകയാണ്. കഴിഞ്ഞ അഞ്ചാം തീയതി എറണാകുളത്തും തൃശൂരിലുമായി രണ്ടിടത്ത് ആനയിടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എറണാകുളം പെരുമ്പാവൂരിനടുത്ത് ഇടവൂരിൽ ക്ഷേത്ര ഉത്സവത്തിന് കൊണ്ടുവന്ന കൊളക്കാട് ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. ഇടവൂർ ശങ്കരനാരായണ ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്. ആനയെ തളക്കാൻ സാധിച്ചത് വലിയ അപകടമൊഴിവാക്കി.
തൃശ്ശൂരിൽ എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനിടെയാണ് ആനയിടഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെ ശീവേലിക്കിടെയായിരുന്നു സംഭവം. ഉടൻ തന്നെ ആനയെ തളക്കാനായതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ആനപ്പുറത്തിരുന്നവർ താഴേക്ക് ചാടി രക്ഷപെട്ടു. ഇതിനിടെ ക്ഷേത്രത്തിന് പുറത്ത് നിന്ന നാല് ആനകളിൽ ഒരെണ്ണം പേടിച്ചോടിയതും പരിഭ്രാന്തി പരത്തി. പാപ്പാൻമാരും എലഫന്റെ സ്ക്വാഡും ചേർന്ന് ആനയെ ക്യാപ്ച്ചർ ബെൽറ്റിട്ട് തളച്ചു.
'301 കോളനിയില്‍ കൂടൊരുക്കും'; അരിക്കൊമ്പനെ പിടികൂടാന്‍ വനം വകുപ്പ് നടപടി തുടങ്ങുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam