
ആലപ്പുഴ: കാപ്പികോ റിസോര്‍ട്ടിന് പിന്നാലെ ആലപ്പുഴയില്‍ ഒരു ആഡംബര റിസോര്‍ട്ട് കൂടി പൊളിച്ചുനീക്കുന്നു. കായല്‍ കൈയ്യേറിയും തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചും പണിതുയര്‍ത്തിയ ചേര്‍ത്തല കോടം തുരുത്തിലെ എമറാള്‍ഡ് പ്രിസ്റ്റീനാണ് പൊളിക്കുന്നത്. ഉളവൈപ്പ് കായലിന് നടുവിലുള്ള ഒഴുകി നടക്കുന്ന കോട്ടേജുകൾ അടക്കം മുഴുവന് കെട്ടിടങ്ങളും ഒരു മാസത്തിനകം പൊളിക്കണം എന്നാവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
കോടംതുരുത്ത് വില്ലേജിലെ മനോഹരമായ ഉളവൈപ്പ് കായല്‍. ചാലത്തറ തുരുത്തില്‍ നിന്ന് 100 മീറ്റർ സഞ്ചരിച്ചാർ ഒന്നര ഏക്കർ വരുന്ന തുരുത്താണ്. ഇവിടയാണ് 2006ല്‍ എമറാൾഡ് പ്രിസ്റ്റീൻ എന്ന പേരില്‍ ആഡംബര റിസോര്‍ട് വരുന്നത്. തങ്ങളുടെ ഉപജീവനത്തെ റിസോർട്ടിന്റെ പ്രവര്‍ത്തനം ബാധിക്കുന്നു എന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രധാന പരാതി. തീരദേശ പരിപാലന നിയമനം ഷെഡ്യൂൾഡ് മൂന്നില്‍ വരുന്ന പ്രദേശമാണിത്.
എന്നാല്‍ തീരദേശ പരിപാലനനിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് കോടംതുരുത്ത് പഞ്ചായത്ത് അധികൃതര്‍ റിസോർട്ടിന് അനുമതി നല്‍കിയതെന്നും പരാതിയിലുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ 2018 ല്‍ പഞ്ചായത്ത് റിസോര്‍ട്ടിന് സ്റ്റോപ്പ് മോമോ നൽകി. ഉടമകള്‍ ഹൈക്കോടതിയിലെത്തി. അന്വേഷണം നടത്തി തീരുമാനം എടുക്കാന്‍ ജില്ലാ കലക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചു.
കായല്‍ 15 മീറ്റർ കൈയേറിയാണ് റിസോർട്ട് നിര്‍മിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. കോസ്റ്റൽ സോണ്‍ റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ഇല്ലെന്നും തീരദേശ ചട്ടങ്ങള്‍ ലംഘിച്ചെന്നും കാട്ടി കഴിഞ്ഞ ജനുവരി 27 ന് കലക്ടര്‍ ഉത്തരവിറക്കി. ഇതോടെയാണ് പൊളിക്കാന്‍ നടപടി തുടങ്ങിയിരിക്കുന്നത്. കെട്ടിടങ്ങൾ പൊളിക്കണം എന്നാവശ്യപ്പെട്ട് റിസോർട്ട് ഉടമകള്‍ക്ക് കഴിഞ്ഞ 14 ന് പഞ്ചായത്ത് നോട്ടീസ് നല്‍കി. ഒരു മാസമാണ് സമയപരിധി. ഇതോടെ കാപികോ റിസോര്‍ട്ടിന് പിന്നാലെ നിയമ സംവിധാനത്തെ വെല്ലുവിളിച്ചുയര്‍ത്തിയ ഒരു സംരംഭം കൂടി ചരിത്രത്തിലേക്ക് മറയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam