ആഴക്കടൽ മത്സ്യബന്ധന വിവാദം കത്തിക്കാന്‍ പ്രതിപക്ഷം; ചെന്നിത്തല കൂടുതൽ തെളിവുകള്‍ പുറത്തുവിട്ടേക്കും

By Web TeamFirst Published Feb 21, 2021, 8:13 AM IST
Highlights

അമേരിക്കൻ കമ്പനിയുമായി ധാരണാപത്രം ഉണ്ടായതിൽ ഗുരുതര വീഴ്ച്ച ഉണ്ടായെന്ന ആരോപണം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. 

തിരുവനന്തപുരം: സർക്കാരിനെ വെട്ടിലാക്കിയ ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും. അമേരിക്കൻ കമ്പനിയുമായി ധാരണാപത്രം ഉണ്ടായതിൽ ഗുരുതര വീഴ്ച്ച ഉണ്ടായെന്ന ആരോപണം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. 

ഫിഷറീസ് നയത്തിൽ നിന്ന് ഒരിഞ്ച് വ്യതിചലനം പോലും ഉണ്ടാകില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി വൈകി ഫേസ്‌ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എല്ലാത്തരത്തിലും സർക്കാർ നയത്തിന് വിരുദ്ധമായ ധാരണാപത്രം എങ്ങനെ ഉണ്ടായെന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിക്കുന്നുണ്ട്. വ്യവസായ മന്ത്രി ഇ പി ജയരാജനും ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്തു. അതേസമയം അയ്യായിരം കോടിയുടെ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് വിവാദ കമ്പനി പ്രതികരിച്ചിട്ടുണ്ട്.

ഇ എം സി സി എം ഡിയുമായി മന്ത്രി ചർച്ച നടത്തുന്ന ഫോട്ടോ ചെന്നിത്തല ഇന്നലെ പുറത്തുവിട്ടിരുന്നു. കള്ളി വെളിച്ചത്തായപ്പോൾ മന്ത്രി ഉരുണ്ടു കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ശരവേഗത്തിലാണ് ഇഎം സി സി ക്ക് നാലേക്കർ ഭൂമി സർക്കാർ അനുവദിച്ചത്. എന്നിട്ടും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും ഒന്നുമറിയില്ലെന്ന് ഭാവിക്കുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ഇടപാടാണിതെന്നും അദ്ദേഹം ആരോപിച്ചു.

click me!