എയർ അറേബ്യ വിമാനത്തിന്റെ അടിയന്തര ലാൻഡിംഗ്, ഡിജിസിഎ സംഘം മറ്റന്നാൾ കൊച്ചിയിൽ എത്തും

By Web TeamFirst Published Jul 16, 2022, 12:30 PM IST
Highlights

അടിയന്തര ലാൻഡിംഗിന് ഇടയാക്കിയ സാഹചര്യം പരിശോധിക്കുമെന്ന് ഡിജിസിഎ, ഹൈഡ്രോളികം സംവിധാനം തകരാറിലായെന്ന് എയർ അറേബ്യ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ അറേബ്യ വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയ സംഭവത്തിൽ ഡിജിസിഎ സംഘം അന്വേഷണം നടത്തും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിയോഗിച്ച സംഘം മറ്റന്നാൾ കൊച്ചിയിലെത്തും. അടിയന്തര ലാൻഡിംഗിന് ഇടയാക്കിയ സാഹചര്യം പരിശോധിക്കും. ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ G9-426 വിമാനം ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് അടിയന്തരമായി ഇറക്കുകയായിരുന്നു. സ്വാഭാവിക ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് ഹൈഡ്രോളിക്ക് സംവിധാനം തകരാറിലായതായതായി ശ്രദ്ധയിൽപ്പെട്ടതെന്ന് പൈലറ്റ് വിശദീകരിച്ചിരുന്നു. രാത്രി 7.13നായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ, പൈലറ്റ് വിമാനത്താവളത്തിൽ വിവരം അറിയിക്കുകയും സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം 7.29ഓടെ സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.

222യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഷാർജയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയ ശേഷം എയർ അറേബ്യ വിമാനം റണ്‍വേയിൽ നിന്ന് പാർക്കിംഗിലേക്ക് വലിച്ച് നീക്കി. ഈ സമയം രണ്ട് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കാൻ കഴിഞ്ഞിരുന്നില്ല. ഹൈദരാബാദിൽ നിന്നുള്ള ഗോ ഫസ്റ്റ് വിമാനം കണ്ണൂരിലേക്കും എയർ അറേബ്യയുടെ അബുദാബിയിൽ നിന്നുള്ള വിമാനം കോയമ്പത്തൂരിലേക്കും തിരിച്ചു വിട്ടാണ് പ്രതിസന്ധി പരിഹരിച്ചത്.  രാത്രി എട്ടേകാലോടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ച ശേഷമാണ് വിമാന സർവീസുകൾ സാധാരണ നിലയിൽ ആയത്. 

 

click me!