കരിപ്പൂര്‍ വിമാനദുരന്തം: രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നുവെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Aug 8, 2020, 12:52 AM IST
Highlights

നാടിനെ ഞെട്ടിച്ച വിമാനാപകടത്തില്‍ 17 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മരിച്ചവരില്‍ പൈലറ്റും സഹ പൈലറ്റും ഉള്‍പ്പെടുന്നു. 15 പേരുടെ നില അതീവഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. 

കരിപ്പൂര്‍ വിമാനദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി മുഖ്യമന്ത്രി. ഇക്കാര്യം മലപ്പുറം ജില്ലാ കളക്ടര്‍ തന്നെ അറിയിച്ചതായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നാടിനെ ഞെട്ടിച്ച വിമാനാപകടത്തില്‍ 17 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മരിച്ചവരില്‍ പൈലറ്റും സഹ പൈലറ്റും ഉള്‍പ്പെടുന്നു. 15 പേരുടെ നില അതീവഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. ആശുപത്രികളിലേക്ക് എത്തിച്ച ഭൂരിഭാഗം പേര്‍ക്കും സാരമായ പരുക്കുണ്ട്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലായി 110 പേരെയും മലപ്പുറത്തെ ആശുപത്രികളില്‍ 80 പേരെയുമാണ് പ്രവേശിപ്പിച്ചിരുന്നത്. 

ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് 1344-ാം നമ്പര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വെയില്‍ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് വീണ വിമാനം രണ്ടായി പിളരുകയായിരുന്നു. വിമാനത്തിന്‍റെ മുന്‍വശത്തെ വാതില്‍ വരെയുള്ള ഭാഗം അപകടത്തില്‍ പിളര്‍ന്നുപോയിരുന്നു. 

click me!