
ദില്ലി: ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും സുപ്രീം കോടതിയിൽ. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സർക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇഡി വാദം. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്നും ഇഡി ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് കേസെടുത്ത വിവരം ഇഡി സുപ്രീം കോടതിയെ അറിയിച്ചു. നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സർക്കാർ തന്നെ തടസ്സം നിൽക്കുന്നുവെന്നും ഇഡി പറയുന്നു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് വരുത്താൻ നീക്കം നടക്കുന്നുവെന്നും സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് ഇതിനായി മൊഴി നൽകിപ്പിച്ചുവെന്നും എൻഫോഴ്സ്മെന്റ് ഡയറ്ക്ട്രേറ്റ് ആരോപിക്കുന്നു.
ലൈഫ് അഴിമതി അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മേൽ എൻഫോഴ്സമെൻറ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന വനിതാ പൊലീസ് ഉദ്യോഗസഥരുടെ മൊഴിയിലാണ് കേസ്.
ശബ്ദരേഖയുടെ ഉറവിടം അന്വേഷിക്കണമെന്ന് എൻഫോഴ്സ്മെന്റിന്റെ പരാതിയിലായിരുന്നു അന്വേഷണം. പക്ഷെ വാദി പ്രതിയായി. തന്റെ ശബ്ദമാകാമെന്ന് സംശിക്കുന്നുവെന്നായിരുന്നു ജയിൽ ഡിഐജിക്ക് സ്വപ്ന നൽകിയ ആദ്യ മൊഴി. ക്രൈം ബ്രാഞ്ച് അന്വേഷണം തടുങ്ങിയതിന് പിന്നാലെ പുറത്തുവന്ന ശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് എഴുതി നൽകി. ഇഡിയുടെ കസ്റ്റഡയിലിരിക്കുമ്പോള്‍ രാത്രി ഏറെ വൈകിയും പുലർച്ചയുമായി മുഖ്യമന്ത്രിയുടെ പേരു പറയാൻ സ്വപ്നയെ എൻഫോഴ്മെൻ്റ് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നത് കേട്ടുവെന്ന് രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൊഴി നൽകി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam