ഇഡി അന്വേഷണം സര്‍ക്കാരിലേക്കും; സ്വപ്ന പദ്ധതികളുടെ വിശദാംശങ്ങൾ നൽകാൻ നിര്‍ദ്ദേശം

By Web TeamFirst Published Nov 1, 2020, 11:06 AM IST
Highlights

ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് വന്‍ പദ്ധതികളായ കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി
പദ്ധതികളുടെ വിശദാംശങ്ങൾ നൽകണമെന്നാണഅ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നിര്‍ദ്ദേശം 

കൊച്ചി/ തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ വൻകിട സര്‍ക്കാര്‍ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് വന്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ഇഡി സര്‍ക്കാരിന് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളുടെ വിശദാംശങ്ങൾ ആണ് നൽകേണ്ടത്. 

വൻകിട പദ്ധതികളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. പദ്ധതികളുടെ  മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. ധാരണാ പത്രം, പങ്കാളികള്‍, ഏറ്റെടുത്ത ഭൂമി, ഭൂമിക്ക് നല്‍കിയ വില തുടങ്ങിയവ വിശദമാക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  എം ശിവശങ്കറിന് പുറമേ മറ്റ് ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നുണ്ടെന്നാണ് വിവരം. 

സ്വപ്ന പദ്ധതികളുടെ മറവില്‍  ശിവശങ്കറുമായി ബന്ധപ്പെട്ട ചിലര്‍ റിയൽ എസ്റ്റേറ്റ് കച്ചവടവും നടത്തിയതായി എൻഫോഴ്സ്മെന്‍റിന് വിവരം ലഭിച്ചതായാണ് സൂചന . എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്റെ അന്വേഷണം സ്വര്‍ണക്കടത്ത് കേസിന് അപ്പുറത്തേക്ക് സര്‍ക്കാരിനെതിരെ നീളുന്നതിന്‍റെ സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്തുക്കൾ സംബന്ധിച്ചും, എൻഫോസ്മെന്റ് അന്വേഷണം തുടങ്ങി. ബാങ്ക് ഡെപ്പോസിറ്റുകൾ, ഭൂസ്വത്ത് എന്നിവയിലാണ് പരിശോധന നടക്കുന്നത്. സ്വന്തം പേരിൽ ലോക്കർ അടക്കം ഉണ്ടോ എന്നും എൻഫോഴ്സ്മെൻ്റ് അന്വേഷിക്കുന്നുണ്ട്. 

 

click me!