
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റ് വീണ്ടും നോട്ടീസ് നൽകി. മറ്റന്നാൾ (17-ആം തിയ്യതി) ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നാലാം തവണയാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആവശ്യവുമായി ഇഡി നോട്ടീസ് നൽകുന്നത്.
കഴിഞ്ഞ മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ആദ്യ തവണ കൊവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല.
സ്വപ്ന സുരേഷിന്റെ ചില നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് നടപടി തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന സ്വപ്ന ഇഡിക്ക് നൽകിയ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിന് പിന്നാലെയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam