ജുഡീഷ്യല്‍ കമ്മീഷൻ നിയമനം: കോടതിയിൽ ഇഡി- സർക്കാർ പോര്, ഹർജി ഇടക്കാല ഉത്തരവിനായി മാറ്റി

By Web TeamFirst Published Jul 1, 2021, 12:27 PM IST
Highlights

കമ്മിഷൻ രൂപീകരിച്ചുള്ള വിജ്ഞാപനം ഇഡി അന്വേഷണം തടസ്സപ്പെടുത്താനാണെന്നും കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാരിന് ഒന്നും ചെയ്യാനുള്ള അധികാരമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. 

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസിൽ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നും ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ നൽകിയ ഹർജി പരിഗണിക്കവേ ഇഡി ഹൈക്കോടതിയിൽ വാദിച്ചു. ഇതിനെ സർക്കാർ എതിർത്തു. ഹർജി ഇടക്കാല ഉത്തരവിനായി മാറ്റി.

കേന്ദ്ര ഏജൻസിയുടെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ആണ്. കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനാകില്ല. ജൂഡിഷ്യൽ കമ്മീഷൻ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. പരാതി നൽകാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന ആരോപണമുണ്ടെങ്കിൽ എങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇഡി വാദിച്ചു.

കമ്മിഷൻ രൂപീകരിച്ചുള്ള വിജ്ഞാപനം ഇഡി അന്വേഷണം തടസ്സപ്പെടുത്താനാണെന്നും കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാരിന് ഒന്നും ചെയ്യാനുള്ള അധികാരമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചു.  

എന്നാൽ ജൂഡിഷ്യൽ കമ്മിഷന് എതിരായ ഇഡി ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. ഇഡി, കേന്ദ്ര സർക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സർക്കാരിന് എതിരെ ഹർജി നൽകാൻ കഴിയുമോ എന്നും മുഖ്യമന്ത്രിയെ ഹർജിയിൽ കക്ഷിയാക്കിയ നടപടിയും തെറ്റാണെന്നും സർക്കാർ കോടതിയിൽ നിലപാടെടുത്തു. ഹർജിയിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം വേണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!