സ്വർണത്തേക്കാൾ മൂല്യം സത്യസന്ധതയ്ക്കാണെന്ന് തെളിയിച്ച് ശുചീകരണ തൊഴിലാളിയായ ശശികല
തൊടുപുഴ: സത്യസന്ധതയ്ക്ക് സ്വർണത്തേക്കാൾ മൂല്യമുണ്ടെന്ന് തെളിയിക്കുകയാണ് ശുചീകരണ തൊഴിലാളിയായ തൊടുപുഴ സ്വദേശി ശശികല. വഴിയരികിൽ നിന്ന് വീണുകിട്ടിയ സ്വർണം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യഥാർത്ഥ ഉടമയ്ക്ക് നൽകിയപ്പോൾ മാത്രമാണ് ശശികലയ്ക്ക് സമാധാനമായത്.
ഷെർലി എന്ന വീട്ടമ്മയുടെ അഞ്ച് പവനിലേറെ തൂക്കം വരുന്ന സ്വർണ മാലയാണ് വഴിയിൽ കളഞ്ഞു പോയത്. ഈ മാസം 20ന് ഫെഡറൽ ബാങ്കിൽ പോയപ്പോഴാണ് ഷെർലിക്ക് മാല നഷ്ടമായത്. ബാങ്കിലെ താത്ക്കാലിക ശുചീകരണ തൊഴിലാളിയായ ശശികലയാണ് വൃത്തിയാക്കുന്നതിനിടെ ഈ മാല കണ്ടെത്തിയത്.-
"ഒരു തുണിയിൽ പൊതിഞ്ഞ നിലയിൽ എന്തോ കിടക്കുന്നു. കയ്യിൽ എടുത്തപ്പോൾ തിളങ്ങുന്നു. എനിക്കാകെ വെപ്രാളമായി. അപ്പോൾ തന്നെ സാറിനെ വിളിച്ചു. സാർ പറഞ്ഞു താൻ വന്നിട്ട് പൊലീസ് സ്റ്റേഷനിൽ കൊടുക്കാമെന്ന്. അതിന്‍റെ ഉടമയുടെ കയ്യിൽ അതെത്തുന്നതുവരെ എനിക്ക് വെപ്രാളമായിരുന്നു. ഉടമ വരണേയെന്ന് മുതലക്കുടത്ത് മുത്തപ്പനോട് ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു- ശശികല പറഞ്ഞു.
ഒരു മാല കളഞ്ഞു കിട്ടിയതായി വാട്സ് ആപ്പിൽ കണ്ടതോടെയാണ് ഷെർലി പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ച് എത്തിയത്. പൊന്നുംവിലയുള്ള ആ മാല കൈമാറാൻ ശശികല നേരിട്ടെത്തി. പൊലീസ് സ്റ്റേഷൻ സുന്ദരമായ ആ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. ശശികലയ്ക്ക് ആയിരം നന്ദി പറഞ്ഞ ഷെർലി മുത്തവും സ്നേഹോപഹാരവും നൽകിയാണ് മാലയുമായി മടങ്ങിയത്.

