ഒരുമിച്ച് ജീവിതം സ്വപ്നം കണ്ട കമിതാക്കളെ കത്തിരുന്ന വിധി മറ്റൊന്ന്, വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഒന്നിക്കാനായില്ല; തീപിടിത്തത്തിൽ ജീവൻ നഷ്ടമായി

Published : Jun 24, 2026, 10:50 AM IST
engaged couple among victims of deadly lucknow commercial building fire

Synopsis

ലഖ്‌നൗവിലെ അലിഗഞ്ചിൽ കോച്ചിംഗ് സെന്‍ററും ആനിമേഷൻ സ്റ്റുഡിയോയും പ്രവർത്തിച്ചിരുന്ന വാണിജ്യ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 15 പേർക്കാണ് ജീവൻ നഷ്ടമായത്. . ഇതിൽ ഒരുമിച്ച് ജീവിക്കാൻ കൊതിച്ച രണ്ട് യുവതീയുവാക്കളുടെ ദാരുണാന്ത്യം രണ്ട് കുടുംബങ്ങളെയാണ് തീരാദുഃഖത്തിലാഴ്ത്തിയത്

ലഖ്നൗ: ലഖ്‌നൗവിലെ അലിഗഞ്ചിൽ കോച്ചിംഗ് സെന്‍ററും ആനിമേഷൻ സ്റ്റുഡിയോയും പ്രവർത്തിച്ചിരുന്ന വാണിജ്യ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 15 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഒരുമിച്ച് ജീവിക്കാൻ കൊതിച്ച രണ്ട് യുവതീയുവാക്കളുടെ ദാരുണാന്ത്യം രണ്ട് കുടുംബങ്ങളെയാണ് തീരാദുഃഖത്തിലാഴ്ത്തിയത്. അടുത്ത വർഷം വിവാഹിതരാകാൻ ഒരുങ്ങിയിരുന്ന നീലേഷ് കുമാർ (28), അനാമിക സാമന്ത് (30) എന്നിവരാണ് ആ ദുരന്തത്തിനിരയായത്.

സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്ക്

അലിഗഞ്ചിലെ 'ഹെഡ് ഹോപ്പർ സ്റ്റുഡിയോസ്' എന്ന 3D ആനിമേഷൻ സെന്‍ററിൽ ഒന്നിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് നീലേഷും അനാമികയും പരിചയപ്പെടുന്നത്. അനാമിക കഴിഞ്ഞ നാല് വർഷമായി അവിടെ 3D മോഡലിംഗ് ആർട്ടിസ്റ്റായും, നീലേഷ് കഴിഞ്ഞ മൂന്ന് വർഷമായി 3D ആർട്ടിസ്റ്റായും ജോലി ചെയ്യുകയായിരുന്നു. ഇവരുടെ പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹ നിശ്ചയത്തിലേക്കും എത്തിച്ചു. കഴിഞ്ഞ മാസമായിരുന്നു ഇവരുടെ വീട്ടിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ വിവാഹ നിശ്ചയം നടന്നത്.

ചാമ്പലായ സ്വപ്നങ്ങൾ

വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അനാമികയുടെ മാതാപിതാക്കൾ ദിവസങ്ങൾക്ക് മുൻപാണ് കൊൽക്കത്തയിൽ നിന്ന് ലഖ്‌നൗവിൽ എത്തിയത്. അടുത്ത ആഴ്ച അനാമികയുടെ കൊൽക്കത്തയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി നീലേഷിന്‍റെ കുടുംബം ട്രെയിൻ ടിക്കറ്റുകൾ വരെ ബുക്ക് ചെയ്തിരുന്നു. നീലേഷിന് ജോലിയിൽ അടുത്തിടെ പ്രമോഷനും ശമ്പളവർദ്ധനവും ലഭിച്ചിരുന്നു. കുടുംബത്തിനായി പണിയുന്ന പുതിയ വീടിന്‍റെ നിർമ്മാണം പൂർത്തിയായ ശേഷം അവിടേക്ക് വിവാഹം കഴിച്ച് അനാമികയെ കൂട്ടിക്കൊണ്ടുവരാനായിരുന്നു നീലേഷ് ആഗ്രഹിച്ചിരുന്നത്. എന്നാൽ, ഒന്നിച്ച് സ്വപ്നം കണ്ട ജീവിതത്തിലേക്ക് ചുവടുവെക്കും മുൻപേ ആനിമേഷൻ സെന്ററിൽ പടർന്ന തീ ഇവരുടെ ജീവനെയെടുത്തു. അനാമികയുടെ കസിൻ സഹോദരിയായ സോമില്യയും ഇതേ തീപിടിത്തത്തിൽ മരണപ്പെട്ടു.

അധികൃതരുടെ അനാസ്ഥയെന്ന് കുടുംബം

തീപിടിത്തം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് മോർച്ചറിയിൽ നിന്നുള്ള ഫോൺ കോളിലൂടെ നീലേഷിന്‍റെ കുടുംബം വിവരം അറിയുന്നത്. ഫയർഫോഴ്‌സ് എത്തുവാൻ വൈകിയതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്ന് നീലേഷിന്‍റെ സഹോദരിയും അമ്മയും ആരോപിച്ചു. ഏകദേശം 40 മിനിറ്റിലധികം വൈകിയാണ് അഗ്നിശമന സേന എത്തിയതെന്നും, കൃത്യസമയത്ത് വെള്ളമെത്തിച്ചിരുന്നെങ്കിൽ തന്‍റെ മകനടക്കം പല കുട്ടികളുടെയും ജീവൻ രക്ഷിക്കാമായിരുന്നുവെന്നും നീലേഷിന്‍റെ അമ്മ വിതുമ്പലോടെ പറഞ്ഞു.

റസിഡൻഷ്യൽ പെർമിറ്റുള്ള കെട്ടിടത്തിൽ അനധികൃതമായാണ് വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നതെന്നും, പത്തുവർഷം മുൻപ് അനധികൃതമെന്ന് കണ്ടെത്തിയിട്ടും കെട്ടിടത്തിനെതിരെ അധികൃതർ നടപടിയെടുത്തില്ലെന്നും നീലേഷിന്‍റെ സഹോദരൻ അഭിഷേക് ആരോപിച്ചു. വിവാഹ ആഘോഷങ്ങൾ ചർച്ച ചെയ്യേണ്ടിയിരുന്ന രണ്ട് കുടുംബങ്ങൾ ഒടുവിൽ പോസ്റ്റ്‌മോർട്ടം ഹൗസിന് മുന്നിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി കാത്തുനിൽക്കേണ്ടി വന്നത് കണ്ടുനിന്നവർക്കും നോവായി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം
കാസർകോട്ടെ ഖുറൈസി എക്‌സ്‌പ്രസ് പെനോയിൽ നിർമ്മാണ യൂണിറ്റ് ഉടമകൾ പിടിയിൽ; ഖത്തറിലേക്ക് കയറ്റി അയക്കാൻ വെച്ചതടക്കം വൻ പാൻമസാല ശേഖരം പിടികൂടി