
കോഴിക്കോട്: യന്ത്രത്തകരാറിനെ തുടര്‍ന്ന് നടുക്കടലില്‍ അകപ്പെട്ടുപോയ ബോട്ട് കരയ്‌ക്കെത്തിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ്. കോഴിക്കോട് എലത്തൂര്‍ പുതിയാപ്പ സ്വദേശി നിജുവിന്‍റെ ഉടമസ്ഥതയിലുള്ള സ്വരം എന്ന മത്സ്യബന്ധന ബോട്ടാണ് കടലില്‍ കുടുങ്ങിയത്. ബോട്ടില്‍ ഏഴ് തൊഴിലാളികള്‍ ഉണ്ടായിരുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് ഏഴ് തൊഴിലാളികള്‍ ഈ ബോട്ടില്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. രാത്രിയോടെ യന്ത്രത്തകരാര്‍ കാരണം കടലില്‍ അകപ്പെടുകയായിരുന്നു. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഫിഷറീസ് അസിസ്റ്റന്‍റ് ഡയരക്ടറുടെ നിര്‍ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം സ്ഥലത്ത് എത്തുകയും ബോട്ടും ഏഴ് തൊഴിലാളികളെയും സുരക്ഷിതമായി പുതിയാപ്പ ഹാര്‍ബറില്‍ എത്തിക്കുകയും ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ ഹരിദാസ്, റെസ്‌ക്യൂ ഗാര്‍ഡുമാരായ നിധീഷ്, സുമേഷ് എന്നിവരാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം