ക്ഷേത്രത്തില്‍ പൂജാരിയായ വികാസിന്‍റെ സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പുറത്തക്കും എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ലക്ക്നൗ: മാധ്യമ പ്രവര്‍ത്തകനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ പൂജാരിയും രണ്ട് കൂട്ടാളികളും അറസ്റ്റില്‍. മാര്‍ച്ച് 8 നാണ് സീതാപൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചത്. കേസില്‍ പൂജാരി വികാസ് മിശ്രയേയും ക്വട്ടേഷന്‍ നല്‍കാന്‍ സഹായിച്ച നിര്‍മ്മല്‍ സിങ്, അഹമ്മദ് ഗാസി എന്നീ രണ്ട് കൂട്ടാളികളേയുമാണ് നിലവില്‍ പിടികൂടിയിരുക്കുന്നതെന്നും കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ രണ്ട് പ്രതികളെ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

ഹിന്ദി ഡെയ്‌ലിയിലെ മാധ്യമ പ്രവര്‍ത്തകനായ രാഘവേന്ദ്ര ബാജ്പൈ (36) യെ കൊലപ്പെടുത്തിയത് ക്ഷേത്രത്തില്‍ പൂജാരിയായ വികാസിന്‍റെ സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പുറത്തക്കും എന്ന ഭയം കാരണമാണെന്ന് സീതാപൂര്‍ എസ്പി ചക്രേശ് മിശ്ര വ്യക്തമാക്കി. 
വീട്ടിലേക്ക് പോകുന്ന വഴി ഹേംപൂരില്‍ വെച്ചാണ് രാഘവേന്ദ്ര കൊല്ലപ്പെടുന്നത്. കൊലയാളികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. നാലു ബുള്ളറ്റുകള്‍ രാഘവേന്ദ്രയുടെ ശരീരത്തില്‍ തുളച്ചുകയറി. മാര്‍ച്ച് എട്ടിന് വൈകുന്നേരം 3.15 ഓടെയായിരുന്നു സംഭവം. കൊലചെയ്ത സീതാപൂര്‍ സ്വദേശികളായ സഹോദരങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണെന്നും എസ്പി പറഞ്ഞു. നിലവില്‍ ഇരുവരും ഒളിവിലാണ്. 

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പൂജാരി ലൈംഗികമായി ഉപയോഗിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകന്‍ സാക്ഷിയായിരുന്നു. അമ്പലത്തിനകത്ത് വെച്ച് കുട്ടിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ രാഘവേന്ദ്ര മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഇത് പുറത്താകുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ക്വട്ടേഷന്‍ ഏല്‍പ്പിക്കുന്നതിന് വേണ്ടി നാലു ലക്ഷം രൂപയാണ് പൂജാരി കൂട്ടാളികള്‍ക്ക് നല്‍കിയത്. ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കി സംഘം ക്വട്ടേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. അമ്പലത്തിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. പിന്നീട് പ്ലാന്‍ മാറ്റുകയായിരുന്നു. ആറുമാസമായി മാധ്യമപ്രവര്‍ത്തകനെ പരിചയം ഉണ്ടായിരുന്നിട്ടും ഈ വിവരം പൂജാരി പൊലീസിനോട് പറഞ്ഞിരുന്നില്ല. ഇതാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. വികാസ് മിശ്ര എന്ന കള്ളപ്പേരിലാണ് പ്രദേശത്ത് ഇയാള്‍ അറിയപ്പെടുന്നതെന്നും വികാസ് റാത്തോഡ എന്നാണ് യഥാര്‍ത്ഥ പേരെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ അഞ്ചുവര്‍ഷമായി പൂജാരിയായി ജോലിചെയ്തുവരികയാണ്.

Read More:വേഷംമാറി വീട്ടിലെത്തി, പ്രതിയുണ്ടെന്ന് ഉറപ്പാക്കി; നാച്ചി തൈ വീടിനടുത്ത് കുഴിച്ചിട്ട കഞ്ചാവ് എക്സൈസ് പൊക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം