'അഗോറ'യുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മനുഷ്യവിഭവ ശേഷിയാണ് കേരളത്തിൻ്റെ ശക്തിയെന്നും കുട്ടികൾ വഴി തെറ്റുന്നതിൽ സമൂഹത്തിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: അനന്തമായ സാധ്യതകൾ മുന്നിലുള്ള സമൂഹമാണ് മലയാളി സമൂഹമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ലോകത്തെ ഏറ്റവും മികച്ച ഡോക്ടർമാർ മലയാളികളാണ്. മനുഷ്യവിഭവ ശേഷിയാണ് കേരളത്തിൻ്റെ ശക്തി. സ്ഥല പരിമിതികൾ കേരളത്തിനുണ്ടെങ്കിലും ബൗദ്ധിക നിലവാരത്തിൽ പരിമിതികൾ ഇല്ലാത്ത സമൂഹമാണ് കേരളമെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്തെ കനകക്കുന്നിൽ മൂന്ന് നാൾ നീണ്ട ഏഷ്യാനെറ്റ് ന്യൂസിൻ്റെ ആശയങ്ങളുടെ ഉത്സവം ‘അഗോറ 2026’ൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യാനെറ്റ് ന്യൂസ് അഗോറയ്ക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിനന്ദനം നേർന്നു. ഇത്ര വലിയ ക്യാൻവാസിൽ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിനും ഇതൊരു ആദ്യ എഡിഷൻ ആണെന്ന് തോന്നാത്ത വിധം ഭംഗിയായി സംഘടിപ്പിച്ചതിനും അഭിനന്ദനം നേരുന്നതായി ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കുട്ടികൾ വഴി തെറ്റുന്നതിൽ നമ്മുടെ സമൂഹത്തിനും പങ്കുണ്ടെന്നും ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. നല്ല മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുക്കാൻ കഴിയുന്നുണ്ടോ എന്ന് കേരള സമൂഹം ചിന്തിക്കണം. കുട്ടികൾ വഴി തെറ്റുന്നു എന്ന് നമ്മൾ പറയുമ്പോൾ അതിന് നമുക്കും ഉത്തരവാദിത്തം ഇല്ലേ? സത്യസന്ധത, ധാർമികത എന്നിവ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. സത്യസന്ധത ഒരു പഴയഞ്ചൻ പ്രമാണമല്ലെന്നും സത്യസന്ധതയില്ലാതെ മുന്നോട്ടുപോകാൻ നമുക്ക് കഴിയില്ലെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു.
പെട്ടെന്ന് വിജയം, ഫലം കിട്ടാൻ ആണോ കുട്ടികളെ പഠിപ്പിക്കേണ്ടത്? തോൽവി അംഗീകരിക്കാനും കുട്ടികളെ പഠിപ്പിക്കണം. പരാജയങ്ങളെ നേരിടാനും കുട്ടികളെ പഠിപ്പിക്കണം. മനുഷ്യത്യവും സഹാനുഭൂതിയും കുട്ടികളിൽ വളർത്തണം. ഈ ലോകത്ത് എല്ലാവർക്കും ജീവിക്കാൻ അവകാശം ഉണ്ടെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കണമെന്നും പ്രധാനമന്ത്രി മുതൽ റോഡരികിൽ കിടക്കുന്ന ആൾക്കും ഒരേ അവകാശമാണെന്നും ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
തർക്കമല്ല, സംവാദം ആണ് ഒരു രാജ്യത്തിന്റെ പുരോഗതി. നമ്മുടെ ചിന്ത മാത്രമാണ് ശരി എന്ന് കരുതരുത്. ഭിന്നതയും വ്യത്യാസവും മറികടക്കാൻ സംവാദം വേണം. അത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. എല്ലാ സിസ്റ്റത്തോടും ചോദ്യങ്ങൾ ചോദിക്കാൻ പറ്റണം. അത് ഏത് സിസ്റ്റം ആയാലും ഒറ്റയ്ക്ക് ചോദിക്കാൻ പറ്റിയില്ലെങ്കിൽ ഒരു കൂട്ടായ്മയായി ചോദിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. അതേസമയം സ്റ്റീഫൻ ദേവസിയുടെ സംഗീത സന്ധ്യയോടെ ഈ വർഷത്തെ അഗോറയ്ക്ക് കൊടിയിറങ്ങും. അഗോറ 2.0 അടുത്ത വർഷം നവംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ പ്രഖ്യാപിച്ചു.


