
തിരുവനന്തപുരം: സാമൂഹിക, പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്താതെ പദ്ധതി പ്രഖ്യാപിക്കുകയും നടപ്പാക്കുമെന്നും പറയുന്നവർ ഒരേ ഒരു ഭൂമി മാത്രമേയുള്ളൂവെന്ന വസ്തുത തിരിച്ചറിയണമെന്നു പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. ആർ.വി.ജി.മേനോൻ പറഞ്ഞു. മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് പരേതനായ ഇ.സോമനാഥിന്റെ സ്മരണയ്ക്കായുള്ള ഇ.സോമനാഥ് ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതിദിനാചരണം (World environment day 2022) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി തീരുമാനിച്ച ശേഷം എന്തു വില കൊടുത്തും നടപ്പാക്കുമെന്ന അഹങ്കാരവുമായിട്ടാണ് ചിലരുടെ പ്രവർത്തനം. സാമൂഹിക–പരിസ്ഥിതി ആഘാത പഠനങ്ങൾക്കു ശേഷം, ഇതിലെ പാഠങ്ങൾ ഉൾക്കൊണ്ടാണു വികസന പദ്ധതികൾ നടപ്പാക്കേണ്ടത്. സാങ്കേതിക വിദ്യയുടെ വികാസത്തിൽ ചിലർക്ക് അഹങ്കാരം വരും. ഇതു പരിഗണിച്ച് വികസനം നടപ്പാക്കാൻ ഒരുങ്ങുന്നത് ശരിയല്ല. വികസനമെന്ന മന്ത്രമാണ് എല്ലാ മന്ത്രിമാരും പറയുന്നത്. വികസനത്തിന് എതിരു നിന്നാൽ അപഖ്യാതി ഉണ്ടാകും. ഒരു വികസന പദ്ധതി തയാറാക്കിയാൽ പാരിസ്ഥിതിക അനുമതി ലഭ്യമാക്കുകയാണ് വേണ്ടത്. ആദ്യം തന്നെ ഇതിനായി പഠനം നടത്തണം- ആർ.വി.ജി.മേനോൻ പറഞ്ഞു.
വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ഇതു സുസ്ഥിരമാണോ എന്നതിനെക്കുറിച്ച് ആലോചന വേണം. പുനഃരാലോചനകളുണ്ടാകുമ്പോൾ ചിലർക്കു നോവും. മുൻപു പ്രഖ്യാപിച്ച കാര്യങ്ങൾ അപ്പോൾ വേണ്ടെന്നു വയ്ക്കണം. പ്രബുദ്ധമായ തീരുമാനങ്ങളാണ് ഉണ്ടാകേണ്ടത്. ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ വികസനത്തിന് ഉതകുന്നതല്ല. യൂറോപ്യൻ സൂപ്പർ സോണിക് വിമാനങ്ങൾ ഗതാഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ആലോചനകൾ നടത്തിയിരുന്നു. എതിർപ്പുകൾ ഉണ്ടായപ്പോൾ വേണ്ടെന്നു വച്ചതിനെ മാതൃകയാക്കണം. ജീവജാലങ്ങളുടെ നിലനിൽപ്പിനു ഭൂമി വേണം. നശിക്കുന്ന ഭൂമിയുടെ വിഭവങ്ങളെ ചൂഷണം ചെയ്ത് ഹ്രസ്വ ലാഭം ഉണ്ടാക്കാനുള്ള കോർപറേറ്റുകളുടെ ശ്രമം തിരിച്ചറിയണം. മുങ്ങുന്ന കപ്പലിലെ സുഖഭോഗം അനുഭവിക്കാനുള്ള ഇത്തരക്കാരുടെ നീക്കം തിരിച്ചറിഞ്ഞ് പ്രകൃതിയെ സംരക്ഷിക്കണം. ഭൂമി സംരക്ഷണം നിലനിൽപ്പിന്റെ കൂടി സംരക്ഷണമാണെണെന്നും ആർ.വി.ജി.മേനോൻ പറഞ്ഞു.
കേരളത്തിന് പാരിസ്ഥിതിക ജീവനോപാധിയാണ് വേണ്ടതെന്നും ആരും ഇതിൽ വാശിപിടിച്ചിട്ടു കാര്യമില്ലെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ പറഞ്ഞു. പരിസ്ഥിതിയും ജീവനോപാധിയിലും അധിഷ്ഠിതമായിട്ടാണ് വികസനം നടപ്പാക്കേണ്ടത്. പദ്ധതികൾ നടപ്പാക്കുമ്പോൾ ഇതു കൃഷിക്കും പരിസ്ഥിതിക്കും എതിരാണോയെന്നും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹരിത മാധ്യമപ്രവർത്തനത്തിലെ തിളങ്ങുന്ന അധ്യായമായിരുന്നു ഇ.സോമനാഥ് എന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു പറഞ്ഞു. പി.വേണുഗോപാൽ, യു.വിക്രമൻ, സുജിത് നായർ, എൻ.കെ.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.