വഴിയെച്ചൊല്ലിയുള്ള തർക്കം; എറണാകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു, ആരോപണം നിഷേധിച്ച് പഞ്ചായത്ത് അധികൃതർ

Published : Jun 05, 2022, 05:05 PM ISTUpdated : Jun 05, 2022, 05:48 PM IST
വഴിയെച്ചൊല്ലിയുള്ള തർക്കം; എറണാകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു, ആരോപണം നിഷേധിച്ച് പഞ്ചായത്ത് അധികൃതർ

Synopsis

ഹൈക്കോടതി ഉത്തരവ് മറികടന്ന് പഞ്ചായത്ത് അധികൃതർ ഭൂമി കയ്യേറുന്നുവെന്ന് ആരോപിച്ച് കുറിപ്പ് എഴുതി വച്ചായിരുന്നു വീട്ടമ്മയുടെ ആത്മഹത്യ. ആരോപണം നിഷേധിച്ച പഞ്ചായത്ത് അധികൃതർ ദളിത് കുടുംബങ്ങൾക്കടക്കം സഞ്ചരിക്കാൻ വേണ്ടിയാണ് തർക്കഭൂമിയിലെ വഴി വീതി കൂട്ടിയതെന്ന് അറിയിച്ചു.

കൊച്ചി: എറണാകുളം മുളവുകാട് വഴിയെച്ചൊല്ലിയുള്ള തർക്കത്തിൽ വീട്ടമ്മ ആത്മഹത്യ (Suicide) ചെയ്തു. ഹൈക്കോടതി ഉത്തരവ് മറികടന്ന് പഞ്ചായത്ത് അധികൃതർ ഭൂമി കയ്യേറുന്നുവെന്ന് ആരോപിച്ച് കുറിപ്പ് എഴുതി വച്ചായിരുന്നു വീട്ടമ്മയുടെ ആത്മഹത്യ. ആരോപണം നിഷേധിച്ച പഞ്ചായത്ത് അധികൃതർ ദളിത് കുടുംബങ്ങൾക്കടക്കം സഞ്ചരിക്കാൻ വേണ്ടിയാണ് തർക്കഭൂമിയിലെ വഴി വീതി കൂട്ടിയതെന്ന് അറിയിച്ചു.
 
എറണാകുളം മുളവുകാട് സ്വദേശി ലില്ലി തോമസാണ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തത്. ലില്ലിയുടെ വീടിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തെച്ചൊല്ലി പഞ്ചായത്തുമായി തർക്കമുണ്ടായിരുന്നു. റീ സർവ്വേയിൽ 28 സെന്‍റുണ്ടായിരുന്ന ഭൂമി 20 സെന്‍റായി ചുരുങ്ങിയെന്നാണ് വീട്ടുകാരുടെ പരാതി. ഇതേത്തുടർന്ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ഡിസംബറിൽ മൂന്ന് മാസത്തിനുള്ളിൽ സ്ഥലം അളന്ന് തിരിച്ച് തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും സ്ഥലം അളന്നില്ല. ഇതിനിടെ തർക്കഭൂമിയിൽ റോഡ് വീതികൂട്ടാനായി പഞ്ചായത്ത് പണി നടത്തി. ഇതിൽ മനംനൊന്ത് ലില്ലി ആത്മഹത്യ ചെയ്തെന്നാണ് വീട്ടുകാരുടെ ആരോപണം.

ആരോപണം മുളവുകാട് പഞ്ചായത്ത് അധികൃതർ നിഷേധിച്ചു. താലൂക്ക് സർവേയർ സ്ഥലം അളന്ന് നൽകാത്തതിൽ പഞ്ചായത്തിന് ബന്ധമില്ല. ലില്ലിയുടെ വീടിന്‍റെ ചുറ്റുമതിലിന് പുറത്താണ് തർക്കഭൂമി. ദളിത് കുടുംബങ്ങളടക്കം അമ്പതോളം വീട്ടുകാർക്ക് വേണ്ടിയാണ് ഓട്ടോറിക്ഷ കടന്ന് പോകുന്ന വിധത്തിൽ വഴി താത്കാലികമായി വീതി കൂട്ടിയതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. വഴിയെച്ചൊല്ലിയുള്ള തർക്കത്തിൽ ഏഴ് വർഷമായി പഞ്ചായത്ത് അധികൃതർ പീഡിപ്പിക്കുകയാണെന്നും മരണത്തിന് ശേഷവും ഇതിൽ മാറ്റമില്ലെന്നും കുടുംബം ആരോപിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ