
കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജനെ പരസ്യമായി തുണക്കുമ്പോഴും ഉള്ളിൽ സംശയിച്ചു സിപിഎം നേതൃത്വം. സംഘടനാ പ്രവർത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങൾ പുറത്തുവന്ന ആത്മകഥയിൽ അക്കമിട്ട് പറയുന്നു. സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും ഉള്ളതാണ് സംശയം കൂട്ടുന്നത്. ഡിസി ബുക്സിന്റെ പേരിൽ പുറത്തുവന്ന പുസ്തകത്തിന്റെ പകർപ്പ് തന്റേതല്ലെന്ന് ഇ പി ജയരാജൻ പരസ്യമായി പറഞ്ഞിരുന്നു. പരസ്യമായി ഇപി ക്കൊപ്പം ആണ് നിലവിൽ സിപിഎം നേതൃത്വം.
എന്നാൽ ഇപി യെ പൂർണ്ണ തോതിൽ വിശ്വാസത്തിൽ എടുക്കുന്നില്ല നേതൃത്വത്തിലെ ചിലർ. അതിന് കാരണങ്ങൾ നിരവധി. ചെറുകുന്ന് ഹൈസ്കൂളിലെ പഠനം മുതൽ പിഡി എഫ് ഫയലിലുണ്ട്. 1965 കാലഘട്ടത്തിലെ കുടുംബത്തിലെ പട്ടിണിയെ കുറിച്ച് പറയുന്നുണ്ട്. കണ്ണൂർ എസ് എൻ കോളേജിൽ പ്രീഡിഗ്രിക്ക് സീറ്റ് കിട്ടിയതും കെഎസ്എഫിൻ്റെ കണ്ണൂർ താലൂക്ക് സെക്രട്ടറി ആകുന്നതും ഓർമിച്ച് എടുക്കുന്നുണ്ട്.
പാർട്ടി കോൺഗ്രസ് കഴിഞ്ഞ് തിരികെ വരുന്ന വഴി വെടിയേറ്റതിൻ്റെ ദുഖിപ്പിക്കുന്ന ഓർമ്മയും ആ സമയത്ത് ചികിത്സിച്ച ഡോക്ടറുടെ പേരും വരെ പുറത്തുവന്ന പുസ്തകത്തിൻറെ പി ഡി എഫ് ഫയലിൽ ഉണ്ട്. ഇ പി ജയരാജന്റെ വ്യക്തിപരമായ ചിത്രങ്ങളും പുറത്തുവന്ന ഫയലിൽ കാണാൻ കഴിയും. സിപിഎമ്മിന്റെ വിവിധ നേതാക്കന്മാരുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അടക്കം ഇതിന്റെ ഭാഗമായിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങളും ഫോട്ടോകളും എല്ലാം ഇ പി ജയരാജൻ അറിയാതെ എങ്ങനെ അച്ചടിച്ചു വരും എന്നുള്ള ചോദ്യമാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഇത് പുറത്തുവന്നതിലുള്ള അതൃപ്തി, നേതൃത്വം പരസ്യമായി പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രമേയുള്ളൂ. ഡിസിയെ പോലുള്ള പ്രസാധകർ എല്ലാം കൃത്രിമമായി ഉണ്ടാക്കുമോ എന്നുള്ള സംശയവും നേതാക്കൾക്ക് ഉണ്ട്. വിവാദത്തിന്റ പോക്ക് എങ്ങോട്ടാണ് എന്ന് പാർട്ടി നിരീക്ഷിക്കുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സിപിഎം ഗൗരവമായി ഇകാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam