'തിരിച്ചടിയല്ല, കോടതിയുടേത് സ്വാഭാവിക നടപടിയുടെ ഭാഗം മാത്രം': ഇപി ജയരാജൻ

By Web TeamFirst Published Jul 20, 2022, 4:27 PM IST
Highlights

സുധാകരനും വിഡി സതീശനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നത് വ്യക്തമാണ്. രണ്ട് വധശ്രമ കേസുകളിലടക്കം പ്രതിയായവരെയാണ് 'കുഞ്ഞ്' എന്ന് വിഡി സതീശൻ വിശേഷിപ്പിച്ചത്.

കണ്ണൂർ : മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘർഷത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകിയ കോടതി നടപടി തിരിച്ചടിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മജിസ്ട്രേറ്റ് കോടതിയിൽ പരാതി കിട്ടിയാൽ കേസെടുക്കാൻ നിർദ്ദേശിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. അന്വേഷിക്കാൻ പൊലീസിനെ നിയോഗിക്കുന്നതും അതിന്റെ ഭാഗമാണ്. എനിക്ക് തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും ഇപി ജയരാജൻ പ്രതികരിച്ചു.

സുധാകരനും വിഡി സതീശനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നത് വ്യക്തമാണ്. രണ്ട് വധശ്രമ കേസുകളിലടക്കം പ്രതിയായവരെയാണ് 'കുഞ്ഞ്' എന്ന് വിഡി സതീശൻ വിശേഷിപ്പിച്ചത്. അതെല്ലാം തെറ്റിനെ മറക്കാനുള്ള നടപടിയുടെ ഭാഗമാണ്. ഗൂഢാലോചനക്ക് വിഡി സതീശനും സുധാകരനുമെതിരെ ഡിവൈഎഫ്ഐ പരാതി നൽകും. ഒരു പരാതി കോടതിയിൽ വന്നു.  അതിനനുസരിച്ച് ഉത്തരവാദിത്തം കോടതി ചെയ്യുന്നു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. കോൺഗ്രസ് ഐവിഭാഗക്കാർ നിരാശരാണ്. അതിന്റെ ഭാഗമാണ് നടപടികളെന്നും ജയരാജൻ പരിഹസിച്ചു. 

ശബരീനാഥന് ജാമ്യം ലഭിച്ച നടപടിയിലും ഇപി ജയരാജൻ പ്രതികരിച്ചു. ജാമ്യം നൽകുന്നത് കോടതിയുടെ അധികാരമാണ്. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മാത്രമെ കോടതി പ്രവർത്തിക്കുകയുള്ളൂ. ജാമ്യം ലഭിച്ചതിനെ നേട്ടമായി കരുതുന്നവർ ഇതിനെ പറ്റി ഒന്നും അറിയാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ പരാമർശത്തിലെ തിരുത്തിനെ 'ഇന്ന് ശരിയെന്നത് നാളെ തെറ്റാവാമെന്ന' വാക്കുകളിലൂടെയാണ് ജയരാജൻ ന്യായീകരിച്ചത്. 

ട്രെയിനിൽ തനിക്കെതിരെ ഉണ്ടായ വെടിവെപ്പിൽ താനായിരുന്നില്ല പകരം പിണറായിയായിരുന്നു കൊലയാളികളുടെ ലക്ഷ്യം. പിണറായിയെ ലക്ഷ്യമിട്ടാണ് അന്ന് വാടക കൊലയാളികളെ അയച്ചതെന്നും ജയരാജൻ ആരോപിച്ചു. 

ഇന്റിഗോയെ ലക്ഷ്യമിട്ട് വ്യാപക വാഹന പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പ്: മറ്റ് വിമാനക്കമ്പനികൾക്കും വെല്ലുവിളി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റേതാണ് നിർദ്ദേശം. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്‍ജി ലെനി തോമസ് ഉത്തരവിട്ടത്. 

ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങളായ അനിൽകുമാർ, സുനീഷ് വി.എം. എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദ്ദേശം നൽകിയത്. വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്താനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വലിയതുറ പൊലീസിനോടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശിച്ചത്. അതേസമയം കോടതി ഉത്തരവ് കിട്ടിയാൽ കേസെടുക്കുമെന്നും അന്വേഷിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും വലിയതുറ പൊലീസ് വ്യക്തമാക്കി. 

എം എം മണിയുടെ പരാമര്‍ശം സ്പീക്കര്‍ തള്ളി, മുഖ്യമന്ത്രി വെട്ടിലായോ; ഇനി നീക്കം എന്ത്?

 

click me!