
തിരുവനന്തപുരം: കേരളത്തിൽ ഇടത് സര്‍ക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജൻ. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പണം അനുവദിക്കാതെ വികസന മുരടിപ്പ് ഉണ്ടാക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ഫെബ്രുവരി എട്ടിന് ജന്തര്‍ മന്ദിറിയിൽ സമരം നടത്തും. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 യ്ക്ക് ജാഥയോടെ സമരം ആരംഭിക്കും. ദില്ലിയിലെ സമരത്തിന്റെ ദിവസം കേരളത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് ഭവന സന്ദർശനം നടത്തും.
സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഇപി, കാശുള്ളവർക്ക് സ്വർണക്കിരീടമൊക്കെ ഉണ്ടാക്കാമെന്നും അതുകൊണ്ടൊന്നും വോട്ട് വീഴില്ലെന്നും പറഞ്ഞു. പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായ ഭാഷയിൽ ഇപി ജയരാജൻ വിമര്‍ശിച്ചു. വ്യവഹാരം നടത്തി ആളാകാൻ ശ്രമിക്കുന്ന ചിലരുണ്ടായിരുന്നു. വിഡി സതീശൻ അങ്ങനെ തരം താഴരുത്. ശല്യക്കാരനായ വ്യവഹാരിയെന്ന പേര് അത്ര നല്ലതല്ല. നശീകരണ വാസന പ്രതിപക്ഷ നേതാവിന് ഭൂഷണമല്ല. ഇത്രവലിയ തോൽവി വേറെ ഇല്ല. സ്ഥിരം കേസ് കൊടുക്കാൻ നടക്കുന്ന താടിയും മുടയും വളർത്തിയ ചിലരുടെ പിൻഗാമിയായി സതീശൻ മാറരുതെന്നും ഇപി ജയരാജൻ പറഞ്ഞു.ർ
കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ആരോപണത്തിൽ പി രാജീവിനെ പിന്തുണച്ചായിരുന്നു ഇപി ജയരാജന്റെ നിലപാട്. കരുവന്നൂർ ബാങ്കിനോട് ലോൺ കൊടുക്കാൻ പറയുന്നത് അത്ര വലിയ തെറ്റാണോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പി രാജീവ് തൃശ്ശൂര്‍ ജില്ലക്കാരനാണ്. പിന്നീടാണ് എറണാകുളത്ത് വീട് വച്ചത്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് രാജീവ് അങ്ങനെ ചെയ്തോയെന്ന് തനിക്ക് അറിയില്ല. ഇനി ചെയ്തെങ്കിൽ തന്നെ അതിൽ എന്താണ് തെറ്റെന്നും ഇപി ജയരാജൻ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam