'ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാള്‍'; കുട്ടി സ്കൂൾ വിടാന്‍ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്ന് വി ശിവന്‍കുട്ടി

Published : Oct 17, 2025, 09:25 AM IST
V Sivankutty

Synopsis

കുട്ടി സ്കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പളാണെന്നും വി ശിവൻകുട്ടി വിമര്‍ശിച്ചു.

കോഴിക്കോട്: ഹിജാബ് വിവാദത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടി സ്കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്നും വി ശിവൻകുട്ടി വിമര്‍ശിച്ചു. പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്നും കുട്ടിയെ സ്കൂള്‍ മാറ്റുമെന്നും പിതാവ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, പാലക്കാട്ടെ 14 കാരന്‍റെ ആത്മഹത്യയില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടിക്ക് ആ സ്കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തിന്റെ പേരിലാണ് കുട്ടി സ്കൂളിലേക്ക് പോകാത്തതെന്നും ആരുടെ വീഴ്ച്ച മൂലമാണ് പോകാത്തതെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്. ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്. കുട്ടിയെ വിളിച്ച് ആ പ്രശ്നം തീർക്കാൻ ശ്രമിക്കണം. യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ആവശ്യമില്ല. എന്നാല്‍, സ്കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ്‌ വലിയ വിരോധാഭാസമെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു. പ്രതിപക്ഷനേതാവിന് എന്റെ നിലപാട് ശരിയായിരുന്നു എന്ന് പറയാൻ കഴിയില്ലല്ലോ. ഇത്തരം ഒരു വിഷയം ഉണ്ടായാൽ ആളി കത്തിക്കുക എന്നതല്ല. ഇടപെടുക അല്ലേ സർക്കാരിന്റെ ചുമതലയെന്ന് മന്ത്രി ചോദിച്ചു.

ഹിജാബ് വിവാദത്തിൽ കുട്ടിയെ സ്കൂൾ മാറ്റാൻ കുടുംബം

എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടിയുടെ പിതാവ്. സ്കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു മാനേജ്മെന്‍റ്. സ്കൂള്‍ മാനേജ്മെന്‍റിന്‍റെ ഈ നിബന്ധന നേരത്തെ നടന്ന സമവായ ചര്‍ച്ചയിൽ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. പിന്നീട് തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും