'എര്‍ണ സോള്‍ബര്‍ഗും പിണറായി വിജയനും'; പ്രൊട്ടോക്കോൾ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വി മരുളീധരൻ

By Web TeamFirst Published Apr 17, 2021, 10:05 PM IST
Highlights

മുഖ്യമന്ത്രിക്കെതിരായ കൊവിഡ് പ്രൊട്ടോക്കോൾ ആരോപണം ആവർത്തിച്ചും നോർവെ പ്രധാനമന്ത്രുയുമായി താരതമ്യം ചെയ്തും കേന്ദ്ര മന്ത്രി വി മുരളീധരൻ. 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കൊവിഡ് പ്രൊട്ടോക്കോൾ ആരോപണം ആവർത്തിച്ചും നോർവെ പ്രധാനമന്ത്രുയുമായി താരതമ്യം ചെയ്തും കേന്ദ്ര മന്ത്രി വി മുരളീധരൻ. കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പിഴയടയ്ക്കുകയും മാപ്പ് പറയുകയും ചെയ്ത നോർവെ പ്രധാനമന്ത്രി എർണ സോൾബർഗിനെ താരതമ്യം ചെയ്തായിരുന്നു മുരധരന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ്.

പൊലീസ് മേധാവിയെ എർണ വിരട്ടിയില്ലെന്നും മുഖ്യമന്ത്രി വിമർശനാതീതനാണെന്ന് ന്യായീകരണത്തിനായി നേതാക്കൾ ചാടി വീണില്ലെന്നും മുരളീധരൻ കുറിക്കുന്നു. ജനങ്ങളാണ് അധികാരികൾ എന്ന ചിന്ത അവിടെയുണ്ട്.  ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ നിയമങ്ങള്‍ക്കോ വിമര്‍ശനങ്ങള്‍ക്കോ അതീതരാണെന്ന തോന്നല്‍ നോര്‍വെയിലെ ജനങ്ങള്‍ക്കില്ലെന്നും മുരളീധരൻ കുറിപ്പിൽ പറയുന്നു.  പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിയെ വിമര്‍ശിക്കാമോ?  മുഖ്യമന്ത്രി മാപ്പുപറയുകയോ , അസാധ്യം  ! എന്നെല്ലാം പറയുന്നവര്‍  നോര്‍വേയിലേക്ക് ഒന്ന് നോക്കുക എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം

എര്‍ണ സോള്‍ബര്‍ഗും പിണറായി വിജയനും  "എല്ലാ ദിവസവും നോര്‍വീജിയന്‍ ജനതയോട് കോവിഡ് വ്യാപനം തടയേണ്ടതിനെക്കുറിച്ച് പറയുന്ന ഞാന്‍ ചട്ടങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. പക്ഷേ ഞാന്‍ ചട്ടങ്ങള്‍ ശരിക്ക് പഠിച്ചില്ല. ഒരു കുടുംബത്തിലെ പത്തുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് ഒരു പരിപാടിയായി കണക്കാക്കപ്പെടുമെന്ന് ഓര്‍ത്തില്ല……."

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പോലീസ് പിഴ ഈടാക്കിയ നോര്‍വെ പ്രധാനമന്ത്രി എര്‍ണ സോള്‍ബര്‍ഗിൻ്റെ വാക്കുകളാണിത്. പറ്റിയ തെറ്റിന് ടെലിവിഷന്‍ ചാനലിലൂടെയും ഫേസ് ബുക്കിലൂടെയും  പ്രധാനമന്ത്രി രാജ്യത്തോട് മാപ്പും പറഞ്ഞു.
അറുപതാം പിറന്നാളാഘോഷത്തിന് സര്‍ക്കാര്‍ ചട്ടപ്രകാരമുള്ളതിനെക്കാള്‍ കൂടുതൽ എണ്ണം കുടുംബാംഗങ്ങള്‍ക്ക് വിരുന്നൊരുക്കിയതിനാണ് പ്രധാനമന്ത്രിക്ക് നോര്‍വീജിയന്‍ പോലീസ് പിഴയിട്ടത്….

എര്‍ണ സോള്‍ബര്‍ഗ് പോലീസ് മേധാവിയെ വിരട്ടിയില്ല..... പ്രധാനമന്ത്രി വിമര്‍ശനാതീതയാണെന്ന് പറഞ്ഞ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ ചാടി വീണില്ല…..... നോര്‍വീജിയന്‍ ജനാധിപത്യം തല ഉയര്‍ത്തിപ്പിടിച്ച് നിന്നു….ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യങ്ങളിലൊന്നാണ് നോര്‍വെയെന്ന് ഒരു മാധ്യമം നടത്തിയ പഠനം പറഞ്ഞിരുന്നു…

അതിന്‍റെ കാരണം ചൂണ്ടിക്കാട്ടിയത് ജനങ്ങളാണ് അധികാരികള്‍ എന്ന ചിന്ത പൊതുസമൂഹത്തിനാകെയുണ്ട് എന്നതായിരുന്നു…
രാഷ്ട്രീയ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ നിയമങ്ങള്‍ക്കോ വിമര്‍ശനങ്ങള്‍ക്കോ അതീതരാണെന്ന തോന്നല്‍ നോര്‍വെയിലെ ജനങ്ങള്‍ക്കില്ല…

എര്‍ണ സോള്‍ബര്‍ഗും പിണറായി വിജയനും "എല്ലാ ദിവസവും നോര്‍വീജിയന്‍ ജനതയോട് കോവിഡ് വ്യാപനം തടയേണ്ടതിനെക്കുറിച്ച് പറയുന്ന...

Posted by V Muraleedharan on Saturday, April 17, 2021

(ഇടത് പാര്‍ട്ടികളെ പരാജയപ്പെടുത്തിയാണ് എര്‍ണ സോള്‍ബെര്‍ഗ് നയിക്കുന്ന വലത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലേറിയത്…)  പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിയെ വിമര്‍ശിക്കാമോ?  മുഖ്യമന്ത്രി മാപ്പുപറയുകയോ , അസാധ്യം  ! എന്നെല്ലാം പറയുന്നവര്‍  നോര്‍വെയിലേക്ക് ഒന്ന് നോക്കുക… ആരാണ് യഥാര്‍ഥ ജനാധിപത്യവാദികള്‍ ? ആരാണ് ജനാധിപത്യത്തിന്‍റെ സംരക്ഷകര്‍….? ഏതാണ് നമുക്ക് വേണ്ട മാതൃക…? ഉത്തരം ജനങ്ങള്‍ക്ക് വിടുന്നു….

click me!