നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യമാണ് ദിലീപിന്‍റെ അഭിഭാഷകർ കോടതില്‍ ബോധ്യപ്പെടുത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ സമയത്ത് ജാമ്യം ലഭിച്ചപ്പോൾ വ്യവസ്തകളുടെ ഭാഗമായാണ് ദിലീപ് കോടതിയില്‍ പാസ്പോർട്ട് സമർപ്പിച്ചിരുന്നത്. പിന്നീട് വ്യവസ്തകളില്‍ പലതവണ ഇളവ് തേടുകയും വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് പാസ്പോർട്ട് വീണ്ടും കോടതിയുടെ കസ്റ്റഡിയിലായി. കേസില്‍ കുറ്റവിമുക്തനായ ദിവസം തന്നെ പാസ്പോർട്ട് തിരിച്ച് നല്‍കണം എന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞത് അപ്പീല്‍ പോകേണ്ട ആവശ്യമുണ്ടെന്നും അതിനാല്‍ പാസ്പോർട്ട് തിരിച്ച് നല്‍കരുതെന്നുമാണ്. എന്നാല്‍ വിഷയം ഇന്ന് വീണ്ടു പരിഗണിച്ച കോടതി വ്യക്തമാക്കിയത് ദിലീപ് കേസില്‍ കുറ്റ വിമക്തൻ ആണെന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്നും അതുകൊണ്ടുതന്നെ പാസ്പോർട്ട് തിരിച്ചു നല്‍കാവുന്നതാണെന്നുമാണ്.

കേസില്‍ വിധി വന്നതിന് പിന്നാലെ സമൂഹികമാധ്യമങ്ങളിലെ സൈബറാക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ അതിജീവിത. കോടതി ശിക്ഷിച്ച മാർട്ടിൻ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിൽ അടക്കമാണ് പരാതി. ആക്ഷേപിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിചാരണ കോടതി വിധിയക്ക് പിറകെ സമൂഹമാധ്യമങ്ങളിലൂടെ ദിലീപ് അനുകൂലികൾ രൂക്ഷമായ സൈബർ ആക്രമണം നടത്തുന്നുവെന്ന് അതിജീവിത മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു. കേസിൽ 20 വർഷം കഠിന തടവിന് ശിക്ഷിച്ച രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ അടക്കം ചൂണ്ടികാട്ടിയായിരുന്നു പരാതി. വീഡിയോയിൽ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയത് അതിജീവിത അടക്കമുള്ളവരാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മാർട്ടിൻ ആരോപിക്കുന്നു. ഈ വീഡിയോ അടക്കം ഹാജരാക്കിയാണ് ഇന്ന് അതിജീവിത നേരിട്ട് എറണാകുളം പൊലീസിൽ പരാതി നൽകിയത്. വീഡിയോ പങ്കുവെച്ചവരും അധിക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചതുമായ 16 ഐഡികളുടെ ലിങ്കും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. പരാതിയിൽ ശക്തമായ നടപടിയ്ക്കാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുള്ളത്.