വിമർശനങ്ങൾക്ക് മറുപടിയുമായി എറണാകുളം ഡിസിസി പ്രസിഡന്‍റ്: 'ചെറിയ പരാതികൾ മാത്രം, എല്ലാവരെയും തൃപ്തിപ്പെടുത്തുക പ്രായോഗികമല്ല'

Published : Dec 28, 2025, 11:54 AM IST
 Ernakulam Congress internal dispute

Synopsis

പരസ്യ പ്രസ്താവനകൾ വിജയത്തിന്‍റെ ശോഭ കെടുത്തുന്ന തരത്തിലാവരുത്. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവനകൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്

കൊച്ചി: എറണാകുളത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തർക്കവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. ഉണ്ടായത് ചെറിയ ചെറിയ പരാതികൾ മാത്രമാണെന്ന് ഷിയാസ് അവകാശപ്പെട്ടു. നൂറു ശതമാനം എല്ലാവരെയും തൃപ്തിപ്പെടുത്തുക പ്രായോഗികമല്ല. പരസ്യ പ്രസ്താവനകൾ വിജയത്തിന്‍റെ ശോഭ കെടുത്തുന്ന തരത്തിലാവരുത്. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവനകൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഷിയാസ് ആവശ്യപ്പെട്ടു..

ഡിസിസി പ്രസിഡന്‍റ് ഒറ്റയ്ക്കല്ല തീരുമാനമെടുത്തത്. എല്ലാം കൂട്ടായ തീരുമാനങ്ങളാണ്. അത് അറിയിക്കുന്നത് താനാണെന്ന് മാത്രം. തനിക്കെതിരായ വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നു. തദ്ദേശ ഭരണ സമിതികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പാർട്ടി സമിതികൾ ഉണ്ടാക്കും. എറണാകുളത്ത് 1750ൽ അധികം പേരാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അവർക്ക് കൃത്യമായ ക്ലാസ്സുകൾ നൽകും. ഭരണ സമിതി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിൽ അച്ചടക്ക ലംഘനങ്ങൾ അനുവദിക്കില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

കൊച്ചി മേയർ സ്ഥാനത്തെ ചൊല്ലി കടുത്ത തർക്കമാണ് എറണാകുളം കോണ്‍ഗ്രസിലുണ്ടായത്. വി കെ മിനിമോളെയും ഷൈനി മാത്യുവിനെയുമാണ് രണ്ട് ടേമായി മേയർ സ്ഥാനത്തേക്ക് തീരുമാനിച്ചത്. തുടക്കം മുതൽ ഉയർന്നു കേട്ട ദീപ്തി മേരി വർഗീസിനെ തഴഞ്ഞതിൽ വലിയ വിമർശനം ഉയർന്നു. കൊച്ചി മേയർ ആകാം എന്ന് കരുതിയല്ല താൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതെന്നും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന പരാതി തനിക്കുണ്ടെന്നും ദീപ്തി മേരി വർ​ഗീസ് പ്രതികരിച്ചിരുന്നു. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍.

അതേസമയം തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കെപിസിസി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ഉമാ തോമസ് എംഎല്‍എ കെപിസിസി പ്രസിഡന്‍റിന് പരാതി നൽകി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് റാഷിദ് ഉളളമ്പളളി, ഷാജി വാഴക്കാല എന്നിവരുടെ പേരുകളാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഭൂരിപക്ഷം കൗണ്‍സിലര്‍മാരുടെ പിന്തുണ റാഷിദിനാണെന്ന് പറഞ്ഞ് റാഷിദിനെ അഞ്ചു വര്‍ഷത്തേക്ക് ചെയര്‍മാനായി പ്രഖ്യാപിക്കുകയായിരുന്നു. ഷാജി വാഴക്കാലയെ പിന്തുണയ്ക്കുന്ന കൗണ്‍സിലര്‍മാര്‍ ഉണ്ടായിരുന്നിട്ടും ടേം വ്യവസ്ഥ പരിഗണിച്ചില്ലെന്നാണ് ഉമ തോമസിന്‍റെ പരാതി. കൊച്ചി കോര്‍പറേഷനില്‍ മേയര്‍ സ്ഥാനം രണ്ടു ടേമായി വീതം വച്ചതു പോലെ തൃക്കാക്കരയിലും നടപ്പാക്കണമെന്ന ആവശ്യം ഡിസിസി പ്രസിഡന്‍റ് തളളിക്കളഞ്ഞെന്നും രണ്ടിടത്തും രണ്ടു നീതിയാണ് നടപ്പാക്കപ്പെട്ടതെന്നുമാണ് ഉമ പരാതിയില്‍ ഉന്നയിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കോൺഗ്രസിൽ തലമുറ മാറ്റമുണ്ടാകും, 50 ശതമാനം സീറ്റ് യുവാക്കൾക്കും സ്ത്രീകൾക്കും'; നിയമസഭാ തെരഞ്ഞെടുപ്പ് പ്ലാനുമായി വി.ഡി സതീശൻ
കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്