
തിരുവനന്തപുരം: 2026ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ തലമുറ മാറ്റമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ഥാനാർത്ഥികളിൽ തലമുറമാറ്റം ഉണ്ടാകുമെന്നും യുവാക്കൾക്കും സ്ത്രീകൾക്കും 50% ടിക്കറ്റുകൾ നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് വിഡി സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സാധാരണയായി പരിചിത മുഖങ്ങളെയാണ് മത്സരിപ്പിക്കുന്നത്. ഇത്തവണ സ്ഥാനാർത്ഥികളിൽ തലമുറമാറ്റം ഉണ്ടാകുമെന്ന് സതീശൻ അഭിമുഖത്തിൽ പറയുന്നു.
യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റ് നൽകും. വലിയ മാറ്റം ആവശ്യമില്ലാത്തതിനാൽ പ്രക്രിയ സുഗമമായിരിക്കും. കോൺഗ്രസിന് മുഖ്യധാരാ രാഷ്ട്രീയത്തിൽ നിരവധി യുവ, ജനപ്രിയ നേതാക്കളുണ്ട്., സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായി രണ്ടാം നിരയിലും മൂന്നാം നിരയിലും കോൺഗ്രസിന് മികച്ച നേതാക്കളുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്തിയെ കോൺഗ്രസ് മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്നും സതീശൻ പറഞ്ഞു. കേരളത്തിലും ഇത് തന്നെയായിരിക്കും പിന്തുടരുക. യുഡിഎഫിന് ഒരു കൂട്ടായ നേതൃത്വമുണ്ട്. ഒരു ടീമായാണ് തങ്ങൾ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം നടപടിക്രമങ്ങൾക്കനുസൃതമായി മുഖ്യമന്ത്രി ആരെന്നത് എഐസിസി തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് രീതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ കാണുന്നതിനേക്കാൾ വ്യത്യസ്തമാണെങ്കിലും തദ്ദേശ ഫലം തീർച്ചയായും ഒരു സൂചകമാണ്. ജില്ലാ പഞ്ചായത്തുകളുടെ ഫലം പരിഗണിക്കുകയാണെങ്കിൽ 14 ൽ ഏഴെണ്ണത്തിൽ യുഡിഎഫ് വിജയിച്ചു. കഴിഞ്ഞ തവണ മൂന്ന് ജില്ലാ പഞ്ചായത്തുകളിലാണ് വിജയിക്കാനായാത്. നിലവിൽ യുഡിഎഫിന് മുൻതൂക്കമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരായ ഭരണവിരുദ്ധ വികാരം കൂടുതൽ ശക്തമാകും. നൂറ് സീറ്റുകളിൽ വിജയം ലക്ഷ്യമിട്ടാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകുന്നതെന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam