മുളന്തുരുത്തി മാർത്തോമൻ പള്ളി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങി എറണാകുളം ജില്ലാ ഭരണകൂടം

By Web TeamFirst Published Aug 14, 2020, 5:50 AM IST
Highlights

തിങ്കളാഴ്ചക്കകം മുളന്തുരുത്തി മാർത്തോമൻ പളളി എറണാകുളം ജില്ലാ കലക്ടർ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി കൈമാറി റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: ഓർത്തഡോക്സ്, യാക്കോബായ തർക്കം നിലനിൽക്കുന്ന മുളന്തുരുത്തി മാർത്തോമൻ പള്ളി ഏറ്റെടുക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം തുടങ്ങി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമാധാനപരമായി എങ്ങനെ കോടതി ഉത്തരവ് നടപ്പാക്കാമെന്നാണ് ആലോചിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. അതേസമയം പള്ളി വിട്ടുകൊടുക്കില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് യാക്കോബായ വിശ്വാസികൾ.

തിങ്കളാഴ്ചക്കകം മുളന്തുരുത്തി മാർത്തോമൻ പളളി എറണാകുളം ജില്ലാ കലക്ടർ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി കൈമാറി റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കൊവിഡ് രോഗവ്യാപന ഭീഷണി നിലനിൽക്കുമ്പോൾ തിടുക്കത്തിൽ പള്ളി ഏറ്റെടുക്കാനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ഏത് വിധേനയും പ്രതിരോധിക്കുമെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്.

അതേസമയം സുപ്രീംകോടതി വിധി മാനിച്ച് പള്ളി വിട്ടുനൽകണമെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യം. പള്ളി ഏറ്റെടുക്കുമ്പോൾ വിശ്വാസികൾ കൂട്ടം കൂടാൻ സാധ്യതയുണ്ട്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഇത് അനുവദിക്കാനാകില്ല. അതിനാൽ രമ്യമായി പ്രശ്നം പരിഹരിച്ച് പള്ളി ഏറ്റെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം. ഇക്കാര്യം സ്റ്റേറ്റ് അറ്റോർണി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

click me!