
ആലപ്പുഴ/എറണാകുളം: ആലപ്പുഴയ്ക്ക് പിന്നാലെ എറണാകുളത്തും അതിഥിതൊഴിലാളികളുടെ ടിക്കറ്റിനായി കോൺഗ്രസ് നല്‍കിയ പണം ജില്ലാ കലക്ടര്‍ നിഷേധിച്ചു. ഡിസിസി ജില്ലാ പ്രസിഡന്‍റ് ടിജെ വിനോദാണ് അതിഥി തൊഴിലാളികളുടെ യാത്രയ്ക്കുള്ള പണവുമായി എറണാകുളം കളക്ട്രേറ്റിലെത്തിയത്. ജില്ലാ കളക്ടര്‍ പണം നിഷേധിച്ചതായും നിലവില്‍ പണം സ്വീകരിക്കാന്‍ സര്‍ക്കാരില്‍ നിന്നും ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് കളക്ടര്‍ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ആലപ്പുഴയിലും സമാനമായ സംഭവമുണ്ടായിരുന്നു. ലോക്ഡൗണില്‍ കുടുങ്ങിയ അതിഥിതൊഴിലാളികൾക്ക് തിരികെ നാട്ടിലേക്ക് എത്താനുള്ള ട്രെയിന്‍ ടിക്കറ്റിനുളള പണം കോണ്‍ഗ്രസ് നല്‍കിയത് നിഷേധിച്ച ആലപ്പുഴ ജില്ല കളക്ടര്‍ സര്‍ക്കാരുത്തരവില്ലാതെ പണം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. നടപടിക്കെതിരെ ആലപ്പുഴയില്‍ കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. ഷാനിമോള്‍ ഉസ്മാൻ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ജില്ലാ കളക്ടേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.
ആലപ്പുഴയില്‍ നിന്നും അതിഥി തൊഴിലാളി ട്രെയിന്‍; കോണ്‍ഗ്രസിന്‍റെ 10 ലക്ഷം സഹായം നിരസിച്ച് കളക്ടര്‍
ഇന്നലെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ധനരായ തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലി നല്‍കാന്‍ അതാത് സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാമെന്ന കോണ്‍ഗ്രസിന്‍റെ ആഹ്വാനത്തെക്കുറിച്ച് 'അവര്‍ ചെലവ് വഹിക്കാന്‍ പുറപ്പെട്ടാല്‍ എന്താകും അവസ്ഥയെന്ന് അങ്ങനെ വരുന്നയാളുകള്‍ക്ക് ഒക്കെ നല്ല ബോധ്യമുണ്ടാകും. നമുക്ക് ഒരുപാട് അനുഭവമുള്ളതല്ലേ' എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. ഇതിന് പിന്നാലെയാണ് ഇന്ന് കോണ്‍ഗ്രസ് നല്‍കിയ പണം ജില്ലാകളക്ടര്‍മാര്‍ നിഷേധിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam