ആലപ്പുഴ: അതിഥി തൊഴിലാളികളുമായി ആലപ്പുഴയിൽ നിന്ന് ബിഹാറിലേക്കുള്ള നോൺ സ്റ്റോപ് ട്രെയിൻ ഇന്ന് ഉച്ചയ്ക്ക് ശേഷം പുറപ്പെടും. 1140 തൊഴിലാളികളാണ് ഇന്ന് സ്വദേശത്തേക്ക് പുറപ്പെടുന്നത്. അതേസമയം, ട്രെയിൻ ടിക്കറ്റിനുള്ള പണം തൊഴിലാളികൾ തന്നെ നൽകണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സ്വദേശത്തേക്ക് മടങ്ങുന്നതിനായി മാവേലിക്കര, അമ്പലപ്പുഴ എന്നിവിടങ്ങളിൽ നിന്നും തൊഴിലാളികളെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ കെഎസ്ആർടിസി ബസുകൾ പുറപ്പെട്ടു. ഇവർക്ക് ആവശ്യമായ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.

അതേസമയം, ടിക്കറ്റ് നിരക്കായ 930 രൂപ തൊഴിലാളികൾ തന്നെ നൽകണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിഥി തൊഴിലാളികൾക്ക് ടിക്കറ്റ് ചാർജ് നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. 10 ലക്ഷം രൂപ നൽകാമെന്ന് ആലപ്പുഴ ഡിസിസി അറിയിച്ചു. എന്നാൽ, ഈ തുക വാങ്ങാൻ സർക്കാർ അനുമതി ഇല്ലെന്ന് ജില്ലാ കളക്ടർ മറുപടി നൽകി.

കഴിഞ്ഞ ദിവസം, കേരളത്തിൽ നിന്നും ബിഹാറിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികളുടെ വീട്ടിലേക്കുള്ള യാത്ര മുടങ്ങിയിരുന്നു. ബിഹാർ സർക്കാരിന്റെ അനുമതി കിട്ടാതെ വന്നതിനെ തുടർന്നാണ് ട്രെയിൻ റദ്ദാക്കിയത്.