
കൊച്ചി: വാങ്ങുന്ന ഉൽപ്പന്നത്തിന്റെ വിലയും സവിശേഷതകളും അറിയാനുള്ള ഉപഭോക്താവിന്‍റെ അവകാശം കാർ ഡീലർ ഹനിച്ചുവെന്ന പരാതിയില്‍ നടപടിയെടുത്ത് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കാക്കനാട് സ്വദേശിനി ജെനിമോൾ ജോയ് ആണ് പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന മാരുതി നെക്സ ഷോറൂമിനെതിരെ പരാതി നല്‍കിയത്.
2022 ഫെബ്രുവരിയിലാണ് വാഹന വായ്പയായി ലഭിച്ച തുക നൽകി പരാതിക്കാരി മാരുതി സുസുക്കിയുടെ കാർ ബുക്ക് ചെയ്തത്. നാല് മുതൽ ആറ് ആഴ്ചകൾക്കകം കാർ നൽകാമെന്ന വാഗ്ദാനം നെക്സ ഷോറൂം പാലിച്ചില്ല. ഒരു ലക്ഷം രൂപ അധികം നൽകിയാൽ പുതിയ മോഡൽ കാർ നൽകാമെന്നായിരുന്നു പറഞ്ഞത്. അധിക തുക നൽകി പുതിയ മോഡൽ വാഹനം വാങ്ങാൻ കഴിയില്ലെന്നും ബുക്ക് ചെയ്ത മോഡൽ തന്നെ തനിക്ക് നൽകണമെന്നും പരാതിക്കാരിയായ ജെനിമോള്‍ ആവശ്യപ്പെട്ടു.
വാങ്ങുന്ന ഉൽപ്പന്നത്തിന്റെ വിലയും സവിശേഷതകളും അറിയാനുള്ള ഉപഭോക്താവിന്‍റെ അവകാശം കാർ ഡീലർ ലംഘിച്ചുവെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. 85% തുകയും മുൻകൂർ വാങ്ങിയതിനു ശേഷവും ബുക്ക് ചെയ്ത വാഹനം നൽകുന്നതിൽ ഡീലർ വീഴ്ചവരുത്തിയെന്നും ഇത് സേവനത്തിലെ ന്യൂനതയും അനുചിതമായ കച്ചവട രീതിയും ആണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡീലർ വാങ്ങിയ 9, 92,430/- രൂപ 12% പലിശ ഉൾപ്പെടെ പരാതിക്കാരിക്ക് തിരിച്ചു നൽകാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് നിലവില്‍. കൂടാതെ, യഥാസമയം കാർ ലഭിക്കാത്ത മൂലം പരാതിക്കാരിക്ക് വന്ന കഷ്ട നഷ്ടങ്ങൾക്കും കോടതി ചെലവിനത്തിലും രണ്ട് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി വിധിച്ചിട്ടുണ്ട്. ഇത് 45 ദിവസത്തിനകം നൽകണമെന്നാണ് ഉത്തരവ്. പരാതിക്കാരിക്കുവേണ്ടി അഡ്വ. ജെ.സൂര്യയാണ് കോടതിയിൽ ഹാജരായത്.