
കൊച്ചി: ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പി ആര്‍. ശ്രീജേഷിന് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്. പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിപിക്ക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പറാണ് പി.ആര്‍. ശ്രീജേഷ്. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വൻ മതിലായ ശ്രീജേഷിന്റെ മിന്നും പ്രകടനം നിർണായകമായിരുന്നു. രാജ്യമെമ്പാടു നിന്നും അഭിനന്ദന പ്രവാഹമായിരുന്നു. ഇതിനു പിന്നാലെയാണ് മലയാളികള്‍ക്ക് അഭിമാനമായ താരത്തിന് എറണാകുളം ജില്ലാ പഞ്ചായത്ത് പാരിതോഷികം പ്രഖ്യാപിച്ചത്.
ഒളിമ്പിക്സ് മെഡൽ ജേതാക്കളായ താരങ്ങൾക്ക് ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങൾ കോടികൾ പാരിതോഷികം പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ യശസ് ലോക വേദിയില്‍ എത്തിച്ച ശ്രീജേഷിന് കേരളം പാരിതോഷികം പ്രഖ്യാപിക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം അടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ശ്രീജേഷിനോടുള്ള കേരളസർക്കാർ സമീപനം നിരാശപ്പെടുത്തിയെന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എന്നാൽ പാരിതോഷിക വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും സ്കൂളുകളിൽ ഹോക്കിയുടെ പ്രചാരണത്തിനായി പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam