മഹാരാജാസ് കോളേജിൽ മരം മുറിച്ചു കടത്താൻ ശ്രമം, തടഞ്ഞ് എസ്എഫ് ഐ പ്രവർത്തകർ

By Web TeamFirst Published Oct 10, 2021, 4:37 PM IST
Highlights

കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് മരം മുറിച്ചതെന്നും കോളേജ് അധികൃതരുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ (ernakulam maharajas college ) മരം (tree) മുറിച്ചു കടത്താൻ ശ്രമം. മരം കൊണ്ടുപോകാൻ എത്തിയ ലോറി എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞു. അനുമതി ഇല്ലാതെയാണ് മരം കടത്തുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചു. കോളേജ് ലൈബ്രറിക്ക് സമീപത്തുണ്ടായിരുന്ന മരമാണ് മുറിച്ച് മാറ്റിയത്. കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് മരം മുറിച്ചതെന്നും കോളേജ് അധികൃതരുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഒരു വിഭാഗം അധ്യാപകർക്കും സമാനമായ അഭിപ്രായമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ക്യാമ്പസിൽ വിദ്യാർത്ഥികളില്ലാത്ത നേരത്ത് ഇത്തരത്തിൽ മരം കടത്തിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.  കാക്കനാട് സ്വദേശിക്കാണ് മരം വില്പന നടത്തിയതെന്നാണ് വിവരം. 

എന്നാൽ മരം മുറിച്ചു മാറ്റാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും ആരാണ് മരം കൊണ്ടുപോകുന്നതെന്ന് അറിയില്ലെന്നുമാണ് പ്രിൻസിപ്പാളിന്റെ പ്രതികരണം. എന്താണുണ്ടായതെന്ന് പരിശോധിച്ച് പൊലീസിൽ പരാതി നൽകുമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.

ക്യാമ്പസിനകത്തെ മരം മുറിക്കുന്നതിന് അനുമതി വാങ്ങുകയും ടെൻഡർ നടപടികളടക്കം പൂർത്തിയാക്കേണ്ടതുമുണ്ട്. മുറിച്ച മരം പുറത്തേക്ക് കൊണ്ടുപോകുന്നതിന് ലേലനടപടികളും പൂർത്തിയാക്കണം. ഇതൊന്നും മഹാരാജാസിൽ ഉണ്ടായിട്ടല്ല. 

click me!