'ശ്രീരാമകൃഷ്ണനെ നേരിട്ട് പോയി വിളിച്ചു'; ക്ഷണിച്ചത് വ്യക്തിബന്ധത്തിന്‍റെ പുറത്തെന്ന് സന്ദീപ് നായർ

By Web TeamFirst Published Oct 10, 2021, 1:20 PM IST
Highlights

സ്വർണ്ണം കടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് പറയുന്നില്ലെന്ന് പറഞ്ഞ സന്ദീപ്, നിരപരാധിയാണോ അപരാധിയാണോയെന്ന് വരും ദിവസങ്ങളിൽ അറിയാമെന്ന് പ്രതികരിച്ചു.

തിരുവനന്തപുരം: സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനെ (Sreeramakrishnan) വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് താന്‍  നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്ന് സന്ദീപ് നായർ (Sandeep Nair). വ്യക്തി ബന്ധം വച്ചാണ് ക്ഷണിച്ചതെന്നും മറ്റ് ബന്ധമൊന്നും അന്നത്തെ സ്പീക്കറുമായി ഇല്ലായിരുന്നുവെന്നും സന്ദീപ് അവകാശപ്പെടുന്നു. സ്വപ്നയും ശ്രീരാമകൃഷ്ണനുമായി ബന്ധമില്ലെന്നും സന്ദീപ് പറയുന്നു. സ്വപ്നക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും സ്വർണ്ണക്കടത്ത് കേസ് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. 

Read More: കൊഫേപോസ തടവ് അവസാനിച്ചു, സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി

സ്വർണ്ണം കടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് പറയുന്നില്ലെന്ന് പറഞ്ഞ സന്ദീപ്, നിരപരാധിയാണോ അപരാധിയാണോയെന്ന് വരും ദിവസങ്ങളിൽ അറിയാമെന്ന് പ്രതികരിച്ചു. തൻ്റെ വീട്ടിൽ നിന്നും എടുത്ത സാധനങ്ങൾ സ്വർണ്ണം കടത്തിയതിന് ഉപയോഗിച്ചതാണോയെന്ന് കോടതിയില്‍ തെളിയിക്കട്ടെയെന്നാണ് നിലപാട്. 

സ്വപ്ന സുരേഷിനെ പരിചയപ്പെട്ടത് സരിത് വഴിയാണ്. കോൺസുലേറ്റിന്റെ ചില കോൺട്രാക്ട് ജോലികളും ചെയ്തിരുന്നു. 2003ൽ സ്വണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് റമീസിനെ പരിചയപ്പെട്ടതെന്നും സന്ദീപ് പറഞ്ഞു.

Read More: സരിത്താണ് സ്വപ്നയെ പരിചയപ്പെടുത്തിയത്, ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചു; സന്ദീപ് നായർ

സ്വപ്നയെ സഹായിക്കാനാണ് ബെംഗളൂരിവിലേക്ക് പോയതെന്നാണ് സന്ദീപിന്റെ അവകാശവാദം. മഹാരാഷ്ട്രയിലേക്ക് പോകാൻ ഒരു ട്രാൻസിറ്റ് പാസ് എടുത്തിരുന്നുവെന്നും ഇയാൾ പറയുന്നു. സ്വപ്നയുമൊത്താണ് ശിവശങ്കറിനെ കണ്ടെതന്നും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ നേരിട്ടറിയില്ലെന്നും സന്ദീപ് പറഞ്ഞു. യൂണിടാക്കിനെ കോൺസുൽ ജനറിലിനെ പരിചയപ്പെടുത്തിയെന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി പറഞ്ഞു.

കസ്റ്റംസ് കേസിലും എൻഫോഴ്സ്മെന്‍റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായർ എൻഐഎ കേസിൽ മാപ്പുസാക്ഷിയാണ്. യുഎഇ കോൺസൽ ജനറലും അറ്റാഷെയും കളളക്കടത്തിന്‍റെ രാജ്യാന്തര സൂത്രധാരൻമാരെന്നാണ് സന്ദീപ് നായ‍ർ തന്നെ എൻഐഎ കോടതിയിൽ പറ‍ഞ്ഞത്. 

നേരത്തെ, സ്വർണ്ണക്കടത്തിന് പുറമേ, ഡോളർ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന പ്രതി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

Read More: 'മുഖ്യമന്ത്രിയെ കുടുക്കാന്‍ മൊഴി'; ഇഡിക്കെതിരായ സന്ദീപിന്റെ വെളിപ്പെടുത്തല്‍ കോടതി പരിശോധിക്കണം: കോടിയേരി

click me!