എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം: ദേവസ്വം ഓഫീസർക്കെതിരെ മന്ത്രിക്ക് പരാതി നൽകി ഉപദേശക സമിതി

Published : Sep 05, 2026, 03:38 PM IST
Ernakulam Siva Temple

Synopsis

എറണാകുളം ശിവക്ഷേത്രത്തിൽ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. ദേവസ്വം ഓഫീസർക്കും സഹായിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി ദേവസ്വം മന്ത്രിക്ക് പരാതി നൽകി. ഉത്സവത്തിന്റെ കണക്കുകൾ ബോധിപ്പിക്കാതെ ലക്ഷങ്ങളുടെ കടബാധ്യത വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് പ്രധാന ആരോപണം.

തിരുവനന്തപുരം: എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഭവത്തിൽ എറണാകുളം ശിവക്ഷേത്രത്തിലെ ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ, അസിസ്റ്റന്റ് ദേവസ്വം ഓഫീസറെന്ന് സ്വയം പരിചയപ്പെടുത്തിയ കെ. എൻ. വിനന്ദൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശിവക്ഷേത്ര ഉപദേശക സമിതി സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ഉത്സവത്തിൻ്റെ കണക്കുകൾ ബോധിപ്പിക്കാതെ ലക്ഷങ്ങളുടെ കടബാധ്യതയെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ 2025-26 വർഷത്തെ ഉത്സവത്തിനായി 3 കോടിയിലധികം രൂപ സമാഹരിച്ചു നൽകിയിരുന്നു. എന്നാൽ, ഉത്സവച്ചടങ്ങുകൾ പൂർത്തിയായപ്പോൾ 35 ലക്ഷം രൂപയോളം കടമുണ്ടെന്നാണ് ദേവസ്വം ഓഫീസറും സഹായിയായ വിനന്ദനും ഉപദേശക സമിതിയെ അറിയിച്ചത്. സാമ്പത്തിക കാര്യങ്ങൾ പൂർണ്ണമായും കൈകാര്യം ചെയ്ത ദേവസ്വം ഓഫീസറും സഹായിയും, മുൻകൂട്ടി ഒപ്പിട്ടു വാങ്ങിയിരുന്ന ഉപദേശക സമിതി ഭാരവാഹികളുടെ ചെക്കുകൾ കൂടിയാലോചനയില്ലാതെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം. ഉത്സവത്തിന്റെ വരവുചെലവ് കണക്കുകൾ ഓഡിറ്റ് നടത്തി സമർപ്പിക്കാൻ ഉപദേശക സമിതി ആവശ്യപ്പെട്ടെങ്കിലും കണക്കുകൾ അവതരിപ്പിക്കാതെ ഇവർ ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് മന്ത്രിക്ക് പരാതി നൽകിയത്. ആനയൂട്ട് ചടങ്ങിനായി 3 ആനകളെ 65,000 രൂപയ്ക്ക് ലഭ്യമാക്കാമെന്ന് ഉപദേശക സമിതി അംഗം എൻ. കെ. പ്രഭാകര നായക് അറിയിച്ചിരുന്നു. എന്നാൽ, 30,000 രൂപയ്ക്ക് ആനകളെ എത്തിക്കാമെന്ന് ദേവസ്വം ഓഫീസർ ഉറപ്പ് നൽകുകയും സമിതി ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ 6 ആനകളെയാണ് എത്തിച്ചതെന്നും, ഇതിനായി 1,90,000-ലധികം രൂപ ദേവസ്വം ഓഫീസർ സ്വന്തം നിലയിൽ നൽകിയെന്നും സമിതി ആരോപിക്കുന്നു. ഓണക്കാലത്ത് എറണാകുളത്തപ്പൻ ഗ്രൗണ്ട് വാടകയ്ക്ക് നൽകിയതിലൂടെ ക്ഷേത്രത്തിനും ദേവസ്വത്തിനും വലിയ നഷ്ടം ദേവസ്വം ഓഫീസർ വരുത്തിവെച്ചെന്നും പരാതിയിലുണ്ട്.

ക്ഷേത്രത്തിലെ അടുത്ത ഉത്സവത്തിനായി മുൻകൂറായി തന്റെ ഏജന്റിന് 3 ലക്ഷം രൂപ അഡ്വാൻസായി നൽകണമെന്നും അതിനായി ചെക്ക് ഒപ്പിട്ടു നൽകണമെന്നും ദേവസ്വം ഓഫീസർ ഉപദേശക സമിതി പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപണമുണ്ട്. എന്നാൽ സമിതിയുടെ തീരുമാനപ്രകാരവും സുതാര്യമായ ടെൻഡർ വഴിയും മാത്രമേ പണം നൽകൂവെന്ന് പ്രസിഡന്റ് നിലപാടെടുത്തതോടെ ദേവസ്വം ഓഫീസർ ഉപദേശക സമിതിയോട് സഹകരിച്ചില്ല. ഉത്സവത്തിൽ പങ്കെടുത്ത കരാറുകാർക്കും തൊഴിലാളികൾക്കും നൽകാനുള്ള പണം നൽകാമെന്ന് ആദ്യം സമ്മതിച്ച ദേവസ്വം ഓഫീസർ പിന്നീട് ചെക്കിൽ ഒപ്പിട്ടു നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്ന് കരാറുകാരുടെ പ്രതിഷേധം ഒഴിവാക്കാൻ ഉപദേശക സമിതി അംഗങ്ങളിൽ നിന്നും പ്രസിഡന്റ് കടമായി പണം പിരിച്ചാണ് കരാറുകാർക്ക് ഭാഗികമായി പണം നൽകിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

അതേസമയം കണക്കുകൾ സുതാര്യമെന്നാണ് ദേവസ്വം ഓഫീസർ അഖിൽ ദാമോദർ പ്രതികരിച്ചത്. നാല് വർഷമായി താനാണ് ദേവസ്വം ഓഫീസർ. ഉത്സവത്തിന് ശേഷം 2 മാസത്തോളം ആരോഗ്യപ്രശ്നങ്ങൾ നേരിട്ട് ചികിത്സയിലായിരുന്നു. ജീവനക്കാരുടെ കുറവുണ്ട്. എങ്കിലും ഈ മാസം 16ാം തീയതി കണക്കുകൾ അവതരിപ്പിക്കാമെന്ന് ഉപദേശക സമിതി പ്രസിഡൻ്റിനെ അറിയിച്ചതാണ്. പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ഇല്ലാക്കണക്കുകൾ ഉയർത്തിക്കാട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണമാറ്റത്തെ തുടർന്നുള്ള രാഷ്ട്രീയ താത്പര്യങ്ങളാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ; ദില്ലിയിൽ തിങ്കളാഴ്ച വരെ ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത, വൈകിട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി