
കൊച്ചി: കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന വിട്ടയച്ചു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നും എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് അഡ്വ. ബിഎ ആളൂരിന്‍റെ ഓഫീസിലേക്കാണ് ബണ്ടി ചോര്‍ പോയത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ബണ്ടി ചോറിനെ ഇന്ന് വൈകിട്ടോടെയാണ് വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞത്. ആളൂർ അന്തരിച്ച വിവരം എറണാകുളത്ത് എത്തിയതിന് ശേഷമാണ് അറിഞ്ഞതെന്നാണ് ബണ്ടി ചോർ പറഞ്ഞത്. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു എന്നും ദേവേന്ദർ സിംഗ് എന്ന ബണ്ടി ചോർ പറഞ്ഞു.
ഇന്നലെ രാത്രിയാണ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ് മുറിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ മുതൽ ബണ്ടി സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഉറപ്പിച്ചു. ബണ്ടി ചോർ പറയുന്നത് പൂർണ്ണമായും പൊലീസ് ആദ്യഘട്ടത്തിൽ വിശ്വസിച്ചിരുന്നില്ല. തുടര്‍ന്നാണ് സൗത്ത് റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ വെച്ചത്. വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനൊടുവിലാണിപ്പോള്‍ വിട്ടയച്ചത്. ഹൈക്കോടതിയിൽ നിയമപരമായ ആവശ്യത്തിന് അഭിഭാഷകൻ ആളൂരിനെ കാണാൻ വന്നതെന്നാണ് ബണ്ടി ചോറിന്‍റെ വിശദീകരണം സ്ഥിരീകരിച്ചശേഷമാണ് വിട്ടയച്ചത്.
നിലവിലെ കേസുകളിൽ ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയിരിക്കുകയാണ് ബണ്ടി ചോർ.പതിറ്റാണ്ട് മുമ്പ് വളരെ പേടിയോടെ കേട്ട പേരാണ് ബണ്ടി ചോറിന്റേത്. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ഇയാൾക്ക് കേസുള്ളത്. ഈ കേസുകളിൽ ജാമ്യത്തിലാണ്.ഹൈക്കോടതി തനിക്ക് അനുകൂലമായി ഒരു ഉത്തരവിട്ടിരുന്നുവെന്നും ചില തൊണ്ടിമുതലുകളും തന്റെ കൈവശമുണ്ടായിരുന്ന പണവും വാച്ചുകളും ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്ത് പൊലീസ് പിടിച്ചുവെച്ചിരുന്നുവെന്നും അത് വിട്ടുനൽകാൻ ഹൈക്കോടതി തനിക്ക് അനുകൂലമായ ഉത്തരവിട്ടിരുന്നുവെന്നുമാണ് ബണ്ടി ചോര്‍ പറയുന്നത്.
അത് കൈപ്പറ്റാൻ വേണ്ടിയാണ് കൊച്ചിയിലെത്തിയതെന്നാണ് ഇയാള്‍ ആദ്യം പൊലീസിന് നൽകിയ വിശദീകരണം. സ്ഥിരം പരിശോധനക്കിടെയാണ് ബണ്ടി ചോറിന്റെ മുഖസാദൃശ്യമുള്ള ആളെ റെയിൽവേ പൊലീസ് ശ്രദ്ധിക്കുന്നത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. അഡ്വക്കേറ്റ് ബിഎ ആളൂർ അസോസിയേറ്റ്സ് ആണ് ബണ്ടി ചോറിന്റെ കേസുകൾ ഏറ്റെടുത്തിരിക്കുന്നത്. ആളൂർ മരിച്ചെങ്കിലും ജൂനിയേഴ്സ് ആണ് കേസ് നോക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam