കുതിരവട്ടത്ത് നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടി

By Web TeamFirst Published Aug 16, 2022, 8:33 AM IST
Highlights

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഇന്നലെ രാത്രി തന്നെ കണ്ടെത്തിയിരുന്നു.

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടി. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും ചീഫ് സെക്രട്ടറിയോടുമാണ് കമ്മീഷൻ റിപ്പോർട്ട്‌ തേടിയത്. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ എന്നാണ് നിർദേശം.

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഇന്നലെ രാത്രി തന്നെ കണ്ടെത്തിയിരുന്നു. കർണാടകത്തിലെ ധർമസ്ഥലയിൽ നിന്നാണ് വിനീഷിനെ കണ്ടെത്തിയത്. വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സിസിടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 12.30 ന് വിനീഷ് മംഗലാപുരത്തേക്ക് ട്രെയിൻ കയറിയതായി കണ്ടെത്തി. മംഗലാപുരത്ത് എത്തിയ പ്രതി അവിടെ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന് കളയുന്നതിനിടെ ധർമസ്ഥലയിൽ വച്ച് വണ്ടിയിലെ ഇന്ധനം തീർന്നു. ഇവിടെ നിന്ന് മറ്റൊരു വാഹനം മോഷ്ടിക്കുന്നതിനിടെയാണ് വിനീഷ് പിടിയിലായത്. ധർമസ്ഥല പൊലീസ് സ്റ്റേഷനിലുള്ള പ്രതിയെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം അങ്ങോട്ട് തിരിച്ചു.

Also Read: കുതിരവട്ടത്ത് നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടത് അന്വേഷിക്കാൻ പ്രത്യേക സംഘം

മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് വാർഡിൽ നിന്ന് തടവുകാരനായ അന്തേവാസി പുറത്തുകടക്കുന്നത്. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ വിനീഷ്. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഞായറാഴ്ച രാത്രി ഇയാൾ പുറത്തുകടന്നെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം ഒരന്തേവാസിയുടെ വിരലിൽ മോതിരം കുടുങ്ങിയത് മുറിച്ചെടുക്കാന്‍ അഗ്നിരക്ഷാ സേന കുതിരവട്ടത്ത് എത്തിയിരുന്നു. ഈ സമയത്ത് വാതിലുകൾ തുറന്നുകിടന്ന അവസരം ഇയാൾ മുതലാക്കിയെന്നാണ് പൊലീസ് നിഗമനം. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ തിരികെപോയിട്ടും വാതിൽ പൂട്ടുന്നതിൽ  വീഴ്ച പറ്റിഎന്നും വിവരമുണ്ട്. 

click me!