Asianet News MalayalamAsianet News Malayalam

കുതിരവട്ടത്ത് നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടത് അന്വേഷിക്കാൻ പ്രത്യേക സംഘം

മെഡിക്കൽ കോളേജ് എസിപിക്ക് അന്വേഷണ ചുമതല. ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് രക്ഷപ്പെട്ടത്  ഇന്നലെ രാത്രി

Special team to investigate escape of Murder case accused from Kuthiravattam
Author
Kozhikode, First Published Aug 15, 2022, 12:43 PM IST

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും. മെഡിക്കൽ കോളേജ് എസിപി കെ.സുദർശൻ അന്വേഷണ സംഘത്തിന് നേതൃത്വം നൽകുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണ‌ർ ഡോ. എ.ശ്രീനിവാസ് പറഞ്ഞു. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ഇന്നലെ രാത്രിയാണ് രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. 

വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ  വിനീഷ്. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഞായറാഴ്ച രാത്രി ഇയാൾ പുറത്തുകടന്നെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം ഒരു അന്തേവാസിയുടെ വിരലിൽ മോതിരം കുടുങ്ങിയത് മുറിച്ചെടുക്കാൻ അഗ്നിരക്ഷാ സേന കുതിരവട്ടത്ത് എത്തിയിരുന്നു. ഈ സമയത്ത് വാതിലുകൾ തുറന്നു കിടന്ന അവസരം ഇയാൾ മുതലാക്കിയെന്നാണ് പൊലീസ് നിഗമനം. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ തിരികെപോയിട്ടും വാതിൽ പൂട്ടുന്നതിൽ  വീഴ്ച പറ്റി എന്നും വിവരമുണ്ട്. സുരക്ഷാ വീഴ്ച ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ്  ഡെപ്യൂട്ടി കമ്മീഷണറുടെ നേത‍ൃത്വത്തിൽ ഉദ്യോഗസ്ഥർ കുതിരവട്ടത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.  

സുരക്ഷാ വീഴ്ച വീണ്ടും; കുതിരവട്ടത്ത് നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

കഴിഞ്ഞ മെയ് മാസത്തിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്  രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചിരുന്നു. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട ശേഷം  കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. ഈ സംഭവത്തിൽ സുരക്ഷാ വീഴ്ച ആരോപിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ.സി.രമേശനെ സസ്പെൻഡ് ചെയ്തിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ രംഗത്തെത്തിയതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. 

 

Follow Us:
Download App:
  • android
  • ios