നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി വിജയൻ തന്നെ നയിക്കുമെന്നും ടേം ഇളവ് ചര്‍ച്ചയായിട്ടില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. സിപിഎമ്മിന് മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നത് ആസൂത്രിതമാണെന്നും എംഎ ബേബി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി വിജയൻ തന്നെ നയിക്കുമെന്നും ടേം ഇളവ് ചര്‍ച്ചയായിട്ടില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. സിപിഎമ്മിന് കേരളത്തിൽ മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നത് ആസൂത്രിതമാണെന്നും ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ദൃഢഹിന്ദുത്വമാണെന്നും എംഎ ബേബി പറഞ്ഞു. മുസ്ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമണങ്ങൾ രാജ്യത്ത് വർധിക്കുകയാണ്. ഹിന്ദുത്വ വർഗീയ സംഘങ്ങളാണ് ഇതിനുപിന്നിലുള്ളത്. ബിജെപി സര്‍ക്കാരുകളുടെ നിഷ്ക്രിയത്വമാണ് ഇതിന് കാരണമെന്നും എംഎ ബേബി ആരോപിച്ചു. ബംഗാളിൽ കോൺഗ്രസുമായുള്ള സഹകരണം ചർച്ച ചെയ്യും. അവിടുത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കും. കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തോല്പിക്കാൻ കോൺഗ്രസ്, ലീഗ്, ബിജെപി ഒന്നിച്ചു നിന്നു. അതുകൊണ്ടാണ് ബിജെപി പലയിടത്തും വിജയിച്ചത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ വിളിച്ചു പറയാൻ ഒരു ഉളുപ്പും ഇല്ലാത്ത നേതാക്കളാണ് കേരളത്തിലെ കോൺഗ്രസിലുള്ളത്. മൃദു ഹിന്ദുത്വ സമീപനമാണ് കേരളത്തിലെ ഇടതു സർക്കാരിനുള്ളത് എന്ന തോന്നൽ വരുത്താൻ ശ്രമങ്ങൾ നടക്കുന്നു. കേരളത്തിലെ ഇടതുപക്ഷത്തിന് മൃദുഹിന്ദുത്വം എന്ന് ആരോപിക്കുന്നവർക്ക് ദൃഡഹിന്ദുത്വമാണുള്ളത്. പത്തുവർഷം കേരളത്തിൽ വർഗീയ സംഘർഷം നടന്നിട്ടില്ലെന്നതിന്‍റെ ക്രെഡിറ്റ് ഇടതുപക്ഷത്തിന് മാത്രമാണ്. നവോത്ഥാന നായകന്മാരുടെ അടക്കം പ്രവർത്തനങ്ങളുടെ ഫലമാണിത്.
അതിദാരിദ്ര്യ നിർമ്മാജനം സാധ്യമാക്കിയതിൽ സർക്കാരിനെ കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു . കേന്ദ്രസർക്കാർ നിർദ്ദേശിച്ച രീതിയിൽ ലേബർ കോഡുകൾ വിജ്ഞാപനം ചെയ്യില്ലെന്ന സർക്കാരിന്‍റെ പ്രഖ്യാപനത്തെയും കേന്ദ്ര കമ്മറ്റി അഭിനന്ദിച്ചു. മൂന്നാം വട്ടവും എൽഡിഎഫ് സർക്കാർ തന്നെ അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസവും കേന്ദ്ര കമ്മിറ്റി പ്രകടിപ്പിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെയുടെയും സഖ്യകക്ഷികളുടെയും ഒപ്പം പാർട്ടി മത്സരിക്കും. വരാൻ പോകുന്ന നിയസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങൾ കമ്മറ്റി വിലയിരുത്തി. കേരളത്തിൽ വിജയത്തിനായി സർക്കാരിന്‍റെ നേട്ടത്തിലൂന്നിയ പ്രചാരണത്തിലൂടെ പാർട്ടി പ്രവർത്തിക്കും. കേന്ദ്ര സർക്കാർ കേരളത്തിനുമേൽ അടിച്ചേല്പിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ തുറന്ന് കാട്ടും.
കോണ്‍ഗ്രസിന്‍റെ വീഴ്ചകള്‍ തുറന്നുകാട്ടും. ഫെബ്രുവരി 12 ലെ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിന് കേന്ദ്ര കമ്മിറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. തൊഴിലുറപ്പ് നിയമം ഇല്ലായ്മ ചെയ്തതിനെതിരായി പാർട്ടി ക്യാമ്പയിൻ സംഘടിപ്പിക്കും. ജനുവരി 30ന് ആരംഭിച്ച് ഫെബ്രുവരി അഞ്ചുവരെ ഒരാഴ്ചക്കാലത്തേക്ക് ആണ് ക്യാമ്പയിൻ നടത്തുക. തെരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കുന്നത് പിണറായി വിജയനായിരിക്കും. മുന്നണി സംവിധാനമായതിനാൽ പ്രധാനപ്പെട്ട നേതാക്കൾ എല്ലാവരും മുൻനിരയിലുണ്ടാകും. നേരത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന രീതി ഇതുവരെ ഞങ്ങൾക്കില്ലെന്നും പി ബി യിൽ നിന്ന് ആരൊക്കെ മത്സരിക്കും എന്ന കാര്യവും ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും നിലവിൽ ടേം ഇളവിന്‍റെ കാര്യം ഞങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും എംഎ ബേബി പറഞ്ഞു.
സജി ചെറിയാനെ ന്യായീകരിച്ച് എംഎ ബേബി
മുസ്ലിം ലീഗിനെതിരായ മന്ത്രി സജി ചെറിയാന്‍റെ വര്‍ഗീയ പരാമര്‍ശത്തെയും എംഎ ബേബി ന്യായീകരിച്ചു. ലീഗിന്‍റേത് വര്‍ഗീയത വളര്‍ത്തുന്ന രാഷ്ട്രീയമാണെന്നും മലപ്പുറത്ത് ജയിച്ചവരുടെ പട്ടിക നോക്കിയാൽ മതിയെന്നുമായിരുന്നു സജി ചെറിയാന്‍റെ പ്രസ്താവന. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വർഗീയവൽക്കരിക്കാനാണ് ശ്രമമെന്നാണ് സജി ചെറിയാൻ പറഞ്ഞതെന്നും അതിന് ഉപയോഗിച്ച ഭാഷയും വാചകവും എന്താണെന്ന കാര്യം മനസിലാക്കാനായിട്ടില്ലെന്നും എംഎ ബേബി പറഞ്ഞു. മത സംഘടനകളെ ഇടതുപക്ഷം ചേർത്തുപിടിക്കുന്നുവെന്ന് പറഞ്ഞത് അടിസ്ഥാനരഹിതമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ബന്ധപ്പെട്ട വിഷയത്തിൽ നേരത്തെ പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും എംഎ ബേബി പറഞ്ഞു. എൻഎസ്എസും എസ്എൻഡിപിയും യോജിച്ചു പ്രവർത്തിക്കുന്നുവെന്ന് പറയുമ്പോൾ അത് എന്തിനുവേണ്ടിയാണെന്ന് നോക്കിയിട്ടേ പ്രതികരിക്കാൻ കഴിയുവെന്നും എംഎ ബേബി പറഞ്ഞു.



